തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം മുഖപത്രം ദേശാഭിമാനി. ഗവര്‍ണര്‍ ആണ് തെരുവ് ഗുണ്ട അല്ലെന്ന് ഓര്‍മ്മിപ്പിച്ച് മുഖപ്രസംഗം. സ്വന്തമായി തീരുമാനമെടുത്ത് സംസ്ഥാനം ഭരിക്കാനുള്ള അധികാരം ഒന്നും ഗവര്‍ണര്‍ക്കില്ല. നിയമസഭയെയും കേരള ജനതയേയും നിരന്തരം അപമാനിക്കുന്നു. ഗവര്‍ണര്‍ക്ക് ആര്‍എസ്എസിന് വേണ്ടി എന്ത് നാണംകെട്ട പണിയും ചെയ്യാന്‍ മടിയില്ലെന്നും വാര്‍ത്താ പ്രാധാന്യം കിട്ടാന്‍ വേണ്ടിയാണ് ഗവര്‍ണറുടെ കൗശലക്കളിയെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
ആരുടെ നിര്‍ദേശപ്രകാരമാണ് ഈ കോമാളി വേഷം കെട്ടുന്നതെന്ന് ജനങ്ങള്‍ക്ക് മനസ്സിലാകും. പ്രതിഷേധങ്ങളെ മാന്യമായി നേരിടാനുള്ള വിവേകം വേണം.അത് ആര്‍ജിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ സ്വയം സാക്ഷ്യപ്പെടുത്തുന്നു. നിലമേലില്‍ ഗവര്‍ണര്‍ സ്വയം അപഹാസ്യനായി കേരളത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ദുഷ്ടലാക്കായിരുന്നു ഗവര്‍ണര്‍ക്കെന്നും ദേശാഭിമാനി മുഖപത്രത്തില്‍ പറയുന്നു.
അതേസമയം, ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധങ്ങളില്‍ റിപ്പോര്‍ട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ചീഫ് സെക്രട്ടറിയോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. സെഡ് പ്ലസ് കാറ്റഗറി സുരക്ഷയുടെ ഭാഗമായുള്ള പ്രത്യേക ബുള്ളറ്റ് പ്രൂഫ് വാഹനം ഉടന്‍ എത്തിക്കുമെന്നും റിപ്പോര്‍ട്ട്.
കൊല്ലം നിലമേലില്‍ ഗവര്‍ണര്‍ക്ക് നേരെ എസ്.എഫ്.ഐയുടെ കരിങ്കൊടി പ്രതിഷേധത്തെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങള്‍ക്ക് പിന്നാലെ അദ്ദേഹത്തിന്റെ സുരക്ഷ കേന്ദ്ര സേന ഏറ്റെടുത്തിരുന്നു. പിന്നാലെ, ഗവര്‍ണര്‍ക്കും കേരള രാജ്ഭവനും സിആര്‍പിഎഫിന്റെ സെഡ് പ്ലസ് സുരക്ഷ ഏര്‍പ്പെടുത്തുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്ഭവനെ അറിയിക്കുകയായിരുന്നു.