KeralaNEWS

ഗതാഗത മന്ത്രിക്ക് നീരസം; ബിജുപ്രഭാകര്‍ ഒഴിഞ്ഞേക്കും

തിരുവനന്തപുരം: വൈദ്യുതബസ് വാങ്ങലില്‍ ഉള്‍പ്പെടെ മന്ത്രി കെ.ബി. ഗണേഷ്‌കുമാറുമായുള്ള അഭിപ്രായഭിന്നത കെ.എസ്.ആര്‍.ടി.സി. സി.എം.ഡി. സ്ഥാനത്തുനിന്ന് ബിജുപ്രഭാകറിന്റെ മാറ്റത്തിന് വഴിതെളിയിച്ചേക്കും. മന്ത്രിക്കു താത്പര്യമില്ലെങ്കില്‍ സ്ഥാനം ഒഴിയാന്‍ അദ്ദേഹം സന്നദ്ധനാണ്.ഇ-ബസുകള്‍ ലാഭകരമല്ലെന്ന് പറഞ്ഞ മന്ത്രിയെ സര്‍ക്കാര്‍ തിരുത്തിയിരുന്നു. എന്നാല്‍, താന്‍ പറഞ്ഞത് ശരിയാണെന്ന് കാലം തെളിയിക്കുമെന്നും ഇനി ഇ-ബസ് വിഷയത്തില്‍ പ്രതികരിക്കില്ലെന്നും പറഞ്ഞാണ് മന്ത്രി വിവാദം അവസാനിപ്പിച്ചത്. സ്ഥാനമേറ്റശേഷം ആദ്യമായെടുത്ത തീരുമാനം പാളിയതില്‍ ഗണേഷ് കുമാറിന് അതൃപ്തിയുണ്ട്.

വൈദ്യുതബസുകള്‍ ലാഭകരമാണെന്ന റിപ്പോര്‍ട്ട് തനിക്ക് ലഭിക്കുന്നതിനുമുമ്പേ മാധ്യമങ്ങള്‍ക്ക് ലഭിച്ചതില്‍ മന്ത്രി ഗണേഷ്‌കുമാര്‍ ഉദ്യോഗസ്ഥരോട് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പൊതുഗതാഗതത്തെക്കുറിച്ച് പഠിക്കാന്‍ ബിജുപ്രഭാകര്‍ ഓസ്‌ട്രേലിയിലെ സിഡ്നിയിലേക്ക് പോയതിനാല്‍ ജോയിന്റ് എം.ഡി. പ്രമോജ് ശങ്കറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് മന്ത്രിയെ കണ്ടത്. ബസുകളുടെ വരുമാനം അടുത്തദിവസം തൊഴിലാളിസംഘടനകള്‍ക്ക് കൊടുക്കാറുള്ളതിനാല്‍ ഇതില്‍ രഹസ്യസ്വഭാവമില്ലെന്ന വിശദീകരണമാണ് ഉദ്യോഗസ്ഥര്‍ നല്‍കിയത്.

Signature-ad

സ്‌പെയര്‍പാര്‍ട്‌സ് വാങ്ങല്‍, ഓണ്‍ലൈന്‍ നിരീക്ഷണസംവിധാനം, ഡ്യൂട്ടി പരിഷ്‌കരണം എന്നിവയില്‍ ഉള്‍പ്പെടെ മുന്‍ഗാമി ആന്റണി രാജുവിന്റെ കാലത്തെ പരിഷ്‌കാരങ്ങളില്‍ കാതലായ മാറ്റം ഗണേഷ്‌കുമാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ബിജുപ്രഭാകര്‍ തിങ്കളാഴ്ച മന്ത്രിയെ കാണുന്നുണ്ട്. സിറ്റി ഡിപ്പോകളിലെ ബസുകളുടെ ഷെഡ്യൂള്‍ പരിഷ്‌കരണമാണ് ചര്‍ച്ചാവിഷയം.

 

Back to top button
error: