IndiaNEWS

‘ന്യായ് യാത്ര’യില്‍ കൈവീശുന്നത് രാഹുലിന്റെ അപരനെന്ന് അസം മുഖ്യമന്ത്രി; വിശദാംശങ്ങള്‍ പുറത്തുവിടുമെന്നും പ്രഖ്യാപനം

ഗുവഹാട്ടി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ഗുരുതര ആരോപണവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ ബസില്‍ ഇരുന്നുകൊണ്ട് ജനങ്ങള്‍ക്കുനേരെ കൈവീശിയത് രാഹുല്‍ അല്ലെന്ന് ഹിമന്ത ആരോപിച്ചു. രാഹുലിന് അപരനുണ്ടെന്നാണ് ആരോപണം. അപരനെ സംബന്ധിച്ച വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

‘വെറുതെ പറയുന്നതല്ല. അപരന്റെ പേര്, എങ്ങനെയാണ് അക്കാര്യം നടപ്പാക്കിയത് തുടങ്ങി എല്ലാ വിശദാംശങ്ങളും പങ്കിടും. കുറച്ച് ദിവസം കാത്തിരിക്കൂ’ – ശനിയാഴ്ച സോണിത്പൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ താന്‍ ഗുവാഹാട്ടിയില്‍ ഉണ്ടാവില്ലെന്നും, തിരിച്ചെത്തിയാല്‍ ഉടന്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും ഹിമന്ത കൂട്ടിച്ചേര്‍ത്തു.

Signature-ad

ജനുവരി 18 മുതല്‍ 25 വരെയാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഭാരത് ജോഡോ ന്യായ് യാത്ര അസമിലൂടെ സഞ്ചരിച്ചത്. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയ്ക്കെതിരെ കടുത്ത ആരോപണങ്ങളാണ് രാഹുല്‍ ഗാന്ധി ഉന്നയിച്ചത്. അതിനിടെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് രാഹുല്‍ അടക്കമുള്ളവര്‍ക്കെതിരെ ഹിമന്തയുടെ നിര്‍ദേശപ്രകാരം പോലീസ് കേസെടുത്തിരുന്നു. യാത്ര സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു നടപടി. തിരഞ്ഞെടുപ്പിന് മുമ്പ് വിഷയം രാഷ്ട്രീയവത്കരിക്കാന്‍ ആഗ്രഹിക്കാത്തതിനാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം രാഹുല്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്യുമെന്നും ശര്‍മ്മ പിന്നീട് വ്യക്തമാക്കി. അതിനിടെ, ഇന്ത്യയിലെ ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രിയാണ് ശര്‍മയെന്ന് രാഹുല്‍ ആരോപിച്ചിരുന്നു.

 

Back to top button
error: