KeralaNEWS

ഗവര്‍ണറെ ഗൗനിക്കാതെ മുഖ്യമന്ത്രി;ഗവർണർ- സർക്കാർ പോരിന്റെ പരസ്യപ്രകടനത്തിന് വേദിയായി റിപ്പബ്ലിക് ദിനാഘോഷവും

തിരുവനന്തപുരം: ഗവർണർ- സർക്കാർ പോരിന്റെ പരസ്യപ്രകടനത്തിന് വേദിയായി റിപ്പബ്ലിക് ദിനാഘോഷവും.
തിരുവനന്തപുരം സെൻട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന സംസ്ഥാന തല ഉദ്ഘാടനത്തില്‍ കേന്ദ്രസർക്കാരിനെ പ്രകടമായും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പേരെടുത്തും പ്രശംസിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംസ്ഥാന സർക്കാരിനെതിരെ മുനവെച്ച വാക്കുകളില്‍ പരോക്ഷമായി വിമർശിച്ചു.

വേദിയില്‍ തൊട്ടടുത്തായിരുന്നു ഇരുന്നതെങ്കിലും ഇരുവരും പരസ്പരം മുഖംകൊടുത്തില്ല എന്നുമാത്രമല്ല,പ്രസംഗത്തിന് പിന്നാലെ വേദിയിലെ വിശിഷ്ടവ്യക്തികളെ അഭിവാദ്യംചെയ്ത ഗവർണർ മുഖ്യമന്ത്രിക്ക് നേരെ കൈകൂപ്പിയെങ്കിലും അദ്ദേഹം തിരിച്ച്‌ അഭിവാദ്യംചെയ്യാൻ പോലും തയ്യാറായില്ല.

ഗവർണർ എത്തിയപ്പോള്‍ അഭിവാദ്യംചെയ്യാനായി എഴുന്നേറ്റു നിന്നെങ്കിലും അദ്ദേഹം മുഖ്യമന്ത്രിയെ ശ്രദ്ധിച്ചില്ല. തുടർന്ന് പരേഡ് സ്വീകരിക്കുമ്ബോഴും ഇരുവരും അടുത്തടുത്തായി ഉണ്ടായിരുന്നെങ്കിലും പരസ്പരം നോക്കാൻ പോലും തയ്യാറായില്ല.

Signature-ad

മുഖ്യമന്ത്രിക്ക് പുറമെ മന്ത്രിമാരായ വി. ശിവൻകുട്ടി, വി. അബ്ദുറഹ്മാൻ സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, എം.എല്‍.എമാരായ മുൻമന്ത്രി ആന്റണി രാജു, വി.കെ. പ്രശാന്ത് എന്നീ ഭരണകക്ഷി നേതാക്കളും വേദിയില്‍ ഉണ്ടായിരുന്നു. മറ്റാരോടും സംസാരിക്കാൻ തയ്യാറാവാതിരുന്ന ഗവർണർ പക്ഷെ ബിനോയ് വിശ്വത്തോട് കുശലാന്വേഷണം നടത്തി.

കഴിഞ്ഞദിവസം നിയമസഭയിലെ നയപ്രഖ്യാപനപ്രസംഗം ഒന്നരമിനിറ്റിലൊതുക്കി ഗവർണർ അതൃപ്തി പരസ്യമാക്കിയിരുന്നു. സഭയിലെത്തിയ ഗവർണറെ സ്പീക്കർ എ.എൻ. ഷംസീർ, മുഖ്യമന്ത്രി പിണറായി വിജയൻ, പാർലമെന്ററികാര്യമന്ത്രി കെ. രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തില്‍ സഭാകവാടത്തില്‍ വരവേറ്റു. പൂച്ചെണ്ടുനല്‍കി സ്വീകരിച്ച മുഖ്യമന്ത്രിക്ക് അഭിവാദ്യമർപ്പിക്കാനോ മുഖംകൊടുക്കാനോ അദ്ദേഹം തയ്യാറായില്ല. സഭയില്‍ പ്രവേശിച്ചപ്പോഴും മടങ്ങുമ്ബോഴും എല്ലാവരോടുമായി കൈകൂപ്പിയെങ്കിലും ആരോടും സൗഹൃദത്തിന്റെ ഒരു നിഴലാട്ടംപോലും ആ മുഖത്ത് പ്രകടമായിരുന്നില്ല. ഇതിന് മറുപടിയെന്നോണമായിരുന്നു ഇന്നലത്തെ മുഖ്യമന്ത്രിയുടെ ഗവർണറോടുള്ള ശരീരഭാഷയും.

Back to top button
error: