ബീജിംഗ്: സമ്പന്നരായ ഭര്‍ത്താവിനെ കിട്ടാന്‍ സ്ത്രീകള്‍ മുഖത്ത് രൂപമാറ്റ ശസ്ത്രക്രിയ ചെയ്യണമെന്ന് പ്രചരണം നടത്തിയ ക്ലിനിക്കിനെതിരെ നടപടി. ചൈനയിലെ ഷാംഗ്ഹായ് ജീന്‍ ബ്യൂട്ടി ബയോജനറ്റിക് എഞ്ചിനീയറിംഗ് കമ്പനി ലിമിറ്റഡിനെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. കമ്പനിയുടെ പരസ്യം വാചകത്തിനെതിരെ 3.5ലക്ഷം രൂപയാണ് പിഴ ചുമത്തിയത്.
സ്ത്രീകളെ സൗന്ദര്യവര്‍ദ്ധക ശസ്ത്രക്രിയയ്ക്ക് പ്രേരിപ്പിക്കുന്നതിന്റെ ഭാഗമായി ക്ലിനിക്ക് ഈ പരസ്യവാചകം പ്രചരിപ്പിച്ചിരുന്നു. ‘സൗന്ദര്യവര്‍ദ്ധക ശസ്ത്രക്രിയയിലൂടെ മുഖസൗന്ദര്യം വര്‍ദ്ധിപ്പിച്ചാല്‍ സമ്പന്നരായ ഭര്‍ത്താവിനെ കിട്ടും.’- എന്നാണ് കമ്പനിയുടെ പരസ്യവാചകം.
2021മുതല്‍ ഈ കമ്പനി തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളികളിലൂടെ റീബോണ്‍ ബ്യൂട്ടി കോസ്‌മെറ്റിക് സര്‍ജറിയെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. എന്നാല്‍, സൗന്ദര്യവും ആഡംബര പൂര്‍ണവുമായ മുഖം ഉണ്ടായാല്‍ സമ്പന്നരായ ഭര്‍ത്താവിനെ കിട്ടുമെന്ന തരത്തില്‍ പ്രചരിപ്പിച്ചതാണ് പ്രശ്‌നമായത്. ഷാംഗ്ഹായ് പുഡോഗ് ന്യൂ ഏരിയ മാര്‍ക്കറ്റ് സൂപ്പര്‍ വിഷന്‍ അഡ്മിനിസ്‌ട്രേഷന്‍ ആണ് കമ്പനിയ്ക്ക് പിഴ ചുമത്തിയത്. പരസ്യം നിയമലംഘനമാണെന്നും സാമൂഹികമായ ധാര്‍മ്മികതയെ ലംഘിച്ചെന്നും നടപടിയില്‍ പറയുന്നു.
സ്ത്രീകളെ ഇത്തരത്തില്‍ കളിപ്പാട്ടങ്ങളാക്കുന്നതിനെ എതിര്‍ത്തും നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. ശ്രദ്ധ ആകര്‍ഷിക്കുന്നതിനും സ്വകാര്യ ലാഭം തേടുന്നതിനും തെറ്റായ മൂല്യങ്ങള്‍ ആവര്‍ത്തിച്ച് പ്രോത്സഹിപ്പിക്കുകയും ദോഷകരമായ സാമൂഹിക മൂല്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തതില്‍ 2023 ഡിസംബറില്‍ ഈ കമ്പനിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് നിരോധിച്ചിരുന്നു.