ന്യൂഡെൽഹി: രാജ്യം ഇന്ന് 75-മത് റിപ്പബ്ലിക് ദിനം ആഘോഷിക്കും. രാജ്യ തലസ്ഥാനം കനത്ത സുരക്ഷാ വലയത്തിൽ. പരേഡ് നടക്കുന്ന കർത്തവ്യപഥിലും മറ്റ ഇടങ്ങളിലുമായി 14000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിക്കുന്നത്. 75 -ാം റിപബ്ലിക് ദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്നലെ രാത്രി രാജ്യത്തെ അഭിസംബോധന ചെയ്തു. എഴുപത്തിയഞ്ചാം റിപബ്ലിക് ദിനം അഭിമാന മുഹൂര്‍ത്തമെന്നും രാജ്യം പുരോഗതിയുടെ പാതയിലാണെന്നും രാഷ്ട്രപതി പറഞ്ഞു. നമ്മുടെ മൂല്യങ്ങള്‍ ഓര്‍മിക്കേണ്ട സമയമാണ് ഇത്. പ്രതികൂല സാഹചര്യത്തിലും ഇന്‍ഡ്യ മുന്നേറി. രാജ്യം പുതിയ ഉയരങ്ങളിലെത്താന്‍ ഒരോ പൗരനും പ്രയത്‌നിക്കണമെന്നും രാഷ്ട്രപതി അഭ്യർത്ഥിച്ചു.
അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയെക്കുറിച്ചും രാഷ്ട്രപതി തന്റെ പ്രസംഗത്തില്‍ പ്രതിപാദിച്ചു. രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങ് വിശാലമായ കാഴ്ചപ്പാടില്‍ ഇന്‍ഡ്യയുടെ സാംസ്‌കാരിക പാരമ്പര്യത്തെ പുനര്‍ പ്രകാശിപ്പിക്കുന്നതിനുള്ള നാഴികക്കല്ലായി ചരിത്രകാരന്മാര്‍ വിലയിരുത്തും.
സുപ്രീം കോടതിയുടെ നിര്‍ണായക വിധിക്കു പിന്നാലെയാണ് അയോധ്യത്തില്‍ രാമക്ഷേത്രം നിര്‍മിച്ചത്. ഇത് ജനങ്ങളുടെ വിശ്വാസത്തിന്റെ മാത്രം പ്രതീകമല്ലെന്നും മറിച്ച് രാജ്യത്തിന്റെ നിയമസംവിധാനത്തോടുള്ള വിശ്വാസത്തിന്റെ രേഖകൂടിയാണെന്നും രാഷ്ട്രപതി പറഞ്ഞു.
ഈ റിപ്പബ്ലിക് ദിനപരേഡിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആണ് മുഖ്യാതിഥി.
റിപ്പബ്ലിക് ആഘോഷത്തിന്റെ ഭാഗമായി സുരക്ഷാ ചക്രവ്യൂഹത്തിനുള്ളിലാണ് ഇന്ദ്രപ്രസ്ഥം. ഒരാഴ്ച മുൻപ് തന്നെ ഡൽഹിയിലെ സുരക്ഷാ ക്രമീകരണങ്ങൾ ആരംഭിച്ചു. സേനകളുടെ മാർച്ച് കടന്നുപോകുന്ന കർത്തവ്യപഥ് മുതൽ ചെങ്കോട്ട വരെ കനത്ത സുരക്ഷ. താൽക്കാലിക ബാരിക്കേടുകളും നിരീക്ഷണ പോസ്റ്റുകളും ഈ മേഖലയിൽ ഏർപ്പെടുത്തി. കമാൻഡോകൾ, ദ്രുത കർമ്മ സേന അംഗങ്ങൾ, സേനയുടെയും പോലീസിന്റെയും നിരീക്ഷണ വാഹനങ്ങൾ എന്നിവ തന്ത്രപ്രധാന മേഖലകളിൽ വിന്യസിക്കും. ഓരോ സോണിനും ഡിസിപിയോഅഡീഷണൽ ഡിസിപിയോ നേതൃത്വം നൽകും. ഇന്നലെ രാത്രി 10 മണി മുതൽ തന്നെ ഡൽഹി അതിർത്തികൾ അടച്ചു. ഇന്ന് പുലർച്ച അവസാനഘട്ട സുരക്ഷ പരിശോധന നടത്തി. ഒരു ഇല അടങ്ങിയാൽ തിരിച്ചറിയാൻ കഴിയുന്ന സുരക്ഷാ സംവിധാനങ്ങളാണ് ഡൽഹിയിലെ ഓരോ കോണുകളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഡൽഹിയിൽ ട്രാഫിക് നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.