CrimeNEWS

പണം, വസ്ത്രങ്ങള്‍… ഒളിവില്‍പ്പോയത് ഫുള്‍സെറ്റപ്പില്‍; കൈക്കാശ് തീര്‍ന്നതോടെ ബന്ധുവീട്ടിലെത്തി, പിടിവീണു

തിരുവനന്തപുരം: തിരുവല്ലം വണ്ടിത്തടത്ത് കഴിഞ്ഞമാസം യുവതി തൂങ്ങിമരിച്ചതിനെത്തുടര്‍ന്ന് ഒളിവില്‍പ്പോയ ഭര്‍ത്താവും ഭര്‍ത്താവിന്റെ അച്ഛനും അമ്മയും അറസ്റ്റിലായി. വണ്ടിത്തടം വാറുവിള പുത്തന്‍വീട് ഷഹ്ന മന്‍സിലില്‍ ഷാജഹാന്റെയും സുല്‍ഫത്തിന്റെയും മകളായ ഷഹ്ന(23) ആണ് വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ചത്.

ഷഹ്നയുടെ ഭര്‍ത്താവ് കാട്ടാക്കട പെരുകുളം മാര്‍ക്കറ്റ് റോഡ് എസ്.എന്‍.ഹൗസില്‍ നൗഫല്‍(27), മാതാവ് സുനിത(50), പിതാവ് നജിം(51) എന്നിവരാണ് അറസ്റ്റിലായത്. ഫോര്‍ട്ട് അസി. കമ്മിഷണര്‍ എസ്.ഷാജിയുടെ നേതൃത്വത്തിലുള്ള തിരുവല്ലം പോലീസിന്റെ പ്രത്യേക അന്വേഷണസംഘമാണ് കാട്ടാക്കടയിലെ ബന്ധുവിന്റെ വീട്ടില്‍നിന്ന് ഇവരെ അറസ്റ്റുചെയ്തത്. പീഡനം, ആത്മഹത്യാപ്രേരണ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവരെ അറസ്റ്റുചെയ്തത്.

Signature-ad

ഡിസംബര്‍ 26-നാണ് വണ്ടിത്തടത്തുള്ള വീട്ടില്‍ ഷഹ്നയെ ഫാനില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവം വിവാദമായതോടെ മൂവരും വീട്ടില്‍നിന്നു രക്ഷപ്പെടുകയായിരുന്നു.

ഷഹ്നയുടെ ഭര്‍ത്താവ് നൗഫലും ഇളയ സഹോദരനും അച്ഛനും അമ്മയും ചെലവിനായി ഒരുലക്ഷത്തോളം രൂപയും വസ്ത്രങ്ങളുമൊക്കെ സജ്ജമാക്കിയാണ് കാട്ടാക്കടയിലെ വീട്ടില്‍നിന്ന് കാറില്‍ കടയ്ക്കലുള്ള ബന്ധുവീട്ടിലേക്കു കടന്നത്. തുടര്‍ന്ന് ബന്ധുവിന്റെ കാറില്‍ കോയമ്പത്തൂരിലേക്കു പോയി. ആരും മൊബൈല്‍ഫോണ്‍ കൈയിലെടുത്തില്ല. പോലീസ് പിന്നാലെയുണ്ടെന്നു മനസ്സിലാക്കിയ ഇവര്‍ ഡിണ്ടിഗല്‍, മധുര, സേലം, ബെംഗളൂരു, ഹൈദരാബാദ്, വിജയവാഡ എന്നിവിടങ്ങളില്‍ മാറി മാറി തങ്ങി. വഴിയില്‍ കണ്ട പലരുടെയും ഫോണിലൂടെ ഇവര്‍ ബന്ധുക്കളുമായി ബന്ധപ്പെട്ടുകൊണ്ടിരുന്നു.

എന്നാല്‍, സൈബര്‍സെല്ലിന്റെ സഹായത്തോടെ ഇവരുടെ ഓരോവഴികളും പോലീസ് നിരീക്ഷിക്കുകയായിരുന്നു. കരുതിയിരുന്ന പണം തീര്‍ന്നതോടെ ഇവര്‍ ചൊവ്വാഴ്ച കാട്ടാക്കടയിലുള്ള ബന്ധുവിന്റെ വീട്ടിലെത്തി. സൈബര്‍സെല്ലിന്റെ സഹായത്തോടെ ഇവരുടെ നീക്കങ്ങള്‍ ശ്രദ്ധിച്ച പോലീസ് സ്ഥലത്തെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

 

 

 

Back to top button
error: