KeralaNEWS

കൊച്ചി വാട്ടർ മെട്രോ; കേന്ദ്രസർക്കാർ  819 കോടി നൽകിയെന്ന് വ്യാജപ്രചാരണം

കൊച്ചി: സംസ്ഥാന സർക്കാരിൻ്റെ സ്വപ്ന പദ്ധതിയായ കൊച്ചി വാട്ടർ മെട്രോ പദ്ധതി കഴിഞ്ഞ വർഷം ഏപ്രിൽ 25നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത്.  വാട്ടർ മെട്രോ സർവീസുള്ള രാജ്യത്തെ ഏക നഗരം എന്ന പദവിയിലേക്ക് ഇതോടെ കൊച്ചി മാറി.
എന്നാൽ കൊച്ചി വാട്ടർ മെട്രോ കേന്ദ്രസർക്കാർ പദ്ധതിയാണെന്നും 819 കോടി രൂപ കേന്ദ്രസർക്കാർ പദ്ധതിക്കായി ചെലവഴിച്ചെന്നുമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഈ അവകാശവാദത്തോടൊപ്പം ബിസിനസ് ലൈനിൻ്റെ ഓൺലൈനിൽ പ്രസിദ്ധീകരിച്ച ഒരു വാർത്തയുടെ  ലിങ്കും ചേർത്തിട്ടുണ്ട്.

കൊച്ചി വാട്ടർ മെട്രോ ആകെ ചിലവ്  ₹1137 cr.

കേന്ദ്ര വിഹിതം> ₹819 cr

Signature-ad

KFW ലോൺ (ജർമൻ കമ്പനി) ₹765cr

കേരള വിഹിതം =0000

819+765 = (1584  – 1137)= ₹447

കോടി സ്വാഹ.

കമ്മികൾ തള്ളുന്നത് – കൊച്ചി വാട്ടർ മെട്രോ ചിലവ് മൊത്തം കേരളമാണ് വഹിക്കുന്നത്.” ഇങ്ങനെ പോകുന്നു പോസ്റ്റ്.

 

വാട്ടർ മെട്രോയുടെ ഉദ്ഘാടനത്തോടെ സോഷ്യൽ മീഡിയയിൽ പറന്നു നടന്ന പോസ്റ്റാണ് ഇപ്പോൾ വീണ്ടും തലപൊക്കിയിരിക്കുന്നത്.ഇതിനു കാരണം അടുത്തിടെ കൊച്ചി വാട്ടർ മെട്രോയുടെ രണ്ടു ബോട്ടുകൾ  സരയു നദിയിലെ സർവീസിനായി അയോധ്യയിലേക്ക് മാറ്റിയിരുന്നു.ഇത് വിവാദമായതോടെ യാണ് പോസ്റ്റ് വീണ്ടും സോഷ്യൽ മീഡിയയിൽ ‘സർവീസ്’ ആരംഭിച്ചത്.

 

ബിസിനസ് ഓണ്‍ലൈനില്‍ 2019 ഒക്ടോബര്‍ 18 ന് പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ പറയുന്നത് കൊച്ചി വാട്ടര്‍ മെട്രോ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ 819 കോടി രൂപയുടെ പാരിസ്ഥിതിക അനുമതി നല്‍കിയെന്നാണ്. അതായത്, കേന്ദ്രം പണം മുടക്കുന്നുവെന്നല്ല, അനുമതി നല്‍കിയെന്നാണ്. പദ്ധതിക്ക് ക്ലിയറൻസ് നൽകിയതിനെ കുറിച്ചുള്ള വാർത്തയാണ് 819 കോടി രൂപ കേന്ദ്രം പദ്ധതിക്ക് പണമനുവദിച്ചെന്ന നിലയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

 

സംസ്ഥാന സർക്കാരിന്റെ മുതൽമുടക്കിനൊപ്പം ജർമ്മൻ വികസന ബാങ്കായ Kreditanstalt für Wiederaufbau (KfW) ൽ നിന്നുള്ള വായ്പയുമാണ് പദ്ധതിയുടെ നിക്ഷേപം.ഇത് പ്രകാരം KfW ബാങ്കിൽ നിന്നും 908.76 കോടി രൂപ വായ്പയെടുക്കും. മിച്ചം വരുന്ന 156.07 കോടി സംസ്ഥാന സർക്കാരിൻ്റെ നിക്ഷേപമാണ്.

ഇതിൽ പ്രധാന നിക്ഷേപകരായ സംസ്ഥാന സർക്കാരിന് 74 ശതമാനം ഓഹരിയും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് 26 ശതമാനം ഓഹരിയുമാണ് ഉള്ളത്.കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് തുല്യ പങ്കാളിത്തമുള്ള സ്ഥാപനമാണ് കെഎംആർഎൽ. എന്നാൽ കെഎംആർഎൽ കൊച്ചി വാട്ടർ മെട്രോയ്ക്ക് വേണ്ടി പണം മുടക്കിയിട്ടില്ല. കേന്ദ്ര സർക്കാരിൻ്റെ ഫണ്ടും പദ്ധതിയിലില്ല. 26% ഓഹരിയുടെ ഉടമസ്ഥാവകാശം കൊച്ചി മെട്രോ ലിമിറ്റഡ് കമ്പനിക്ക് മാത്രമായിരിക്കും എന്നർത്ഥം!

Back to top button
error: