കൊച്ചി: രണ്ടര പതിറ്റാണ്ടായി മുടങ്ങിക്കിടക്കു ന്ന അങ്കമാലി-എരുമേലി ശബരി പാതയുടെ നിർമാണ ചെലവിന്റെ പകുതി വഹിക്കാമെന്ന് വീണ്ടും കേരളം. ഇത് സംബന്ധിച്ച് സംസ്ഥാനം റെയിൽവേയ്ക്ക് വീണ്ടും കത്തുനൽകി.
പദ്ധതി ചെലവ് പങ്കിടുമെന്ന് രേഖാമൂലമുള്ള ഉറപ്പോടെ എസ്റ്റിമേറ്റ് കൈമാറുകയായിരുന്നു. 3,810 കോടി രൂപയാണ് പദ്ധതി എസ്റ്റിമേറ്റ്. 2019-ൽ മരവിപ്പിച്ച പദ്ധതിക്കായി പലതവണ മുഖ്യമന്ത്രി പിണറായി വിജയൻ റയിൽവെ മിനിസ്റ്റർ അശ്വനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.തുടർന്ന് കഴിഞ്ഞ കേന്ദ്ര ബജറ്റിൽ 100 കോടി രൂപ അനുവദിച്ചിരുന്നു. വീണ്ടുമൊരു കേന്ദ്രബജറ്റിന്റെ ഒരുക്കങ്ങൾക്കിടെയാണ് കേരളത്തിന്റെ പുതിയ നീക്കം.
പദ്ധതിച്ചെലവ് പങ്കിടാൻ കേരളം നേരത്തേ തീരുമാനിച്ചതാണ്. 2021-ലെ സംസ്ഥാന ബജറ്റിൽ 2,000 കോടി രൂപ കിഫ്ബി വഴി നീക്കിവെച്ചിരുന്നു. 25 വർഷമായിട്ടും പണി പൂർത്തിയാകാത്ത പദ്ധതി സാക്ഷാത്കരിക്കാൻ രാഷ്ട്രീയ ഭേദമെന്യേ എല്ലാവരും ഒന്നിച്ചുനിൽക്കണമെന്ന് മുഖ്യമന്ത്രി തന്നെ നിയമസഭയിൽ ആവശ്യപ്പെട്ടിട്ടിരുന്നു.
1998-ൽ ആരംഭിച്ച 111 കിലോമീറ്റർ വരുന്ന പദ്ധതിയിൽ 14 സ്റ്റേഷനുകളാണുള്ളത്. ഏഴു കിലോമീറ്റർ ട്രാക്കും കാലടി സ്റ്റേഷനും പെരിയാറിലെ റെയിൽ പാലവുമാണ് ആകെ പൂർത്തിയായിട്ടുള്ളത്. പിന്നാലെ 2019-ൽ പദ്ധതി മരവിപ്പിക്കുകയും ചെയ്തു.
അതേസമയം രണ്ട് പദ്ധതികളാണ് തങ്ങളുടെ മുന്നിലുള്ളതെന്നാണ് റെയിൽവേ പറയുന്നത്; അങ്കമാലി-എരുമേലി ശബരി പാതയും ചെങ്ങന്നൂർ-പമ്പ പാതയും. ഇതിൽ യോജിച്ചത് തിരഞ്ഞെടുക്കാനാണ് റെയിൽവേയുടെ നീക്കം. വർഷത്തിൽ രണ്ടു മാസം മാത്രം തീർത്ഥാടകർ സഞ്ചരിക്കുന്ന ചെങ്ങന്നൂർ – പമ്പ പാത നഷ്ടത്തിലാകുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.ഇക്കാര്യം ഒന്നുകൊണ്ടു തന്നെ അങ്കമാലി – എരുമേലി പാതയാണ് വേണ്ടതെന്ന് സംസ്‌ഥാന സർക്കാർ ആവശ്യപെടുന്നു.
തന്നെയുമല്ല, എരുമേലിയിൽ നിന്നും പിന്നീട് റാന്നി,പത്തനംതിട്ട, കോന്നി, പത്തനാപുരം, പുനലൂർ, നെടുമങ്ങാട് വഴി ഈ പാതയെ തിരുവനന്തപുരവുമായി ബന്ധിപ്പിക്കാനും സാധിക്കും.ആറ് ജില്ലകളിൽ കൂടി കടന്നുപോകുന്ന പാത ഇവിടങ്ങളിലെ ജനങ്ങൾക്കും ശബരിമല തീർത്ഥാടകർക്കും ഒരുപോലെ പ്രയോജനപ്പെടുകയും ചെയ്യം.