കെ എസ് ചിത്രയുടെ “കാർമുകിൽ വർണന്റെ ചുണ്ടിൽ “എന്ന ഗാനവും,” കുടജാദ്രിയിൽ കുടി കൊള്ളും മഹേശ്വരി ” എന്ന ഗാനവുമൊക്കെ മലയാളികൾ കൈനീട്ടി സ്വീകരിച്ചിട്ടുണ്ട്. അവർ ഹിന്ദു ആണെന്ന്എല്ലാവർക്കും അറിയാം.ചിത്ര അമ്പലങ്ങളിൽ ദർശനം നടത്തുന്നത് നമ്മൾ മീഡിയ വഴി കണ്ടിരുന്നിട്ടുണ്ട്.അവർ നവരാത്രി സദസുകളിൽ പാടുന്നത് മലയാളിക്ക് അറിയാവുന്നതാണ്. ഇവിടെ ഒന്നും ചിത്രയെ ആരും ചോദ്യം ചെയ്തിട്ടില്ല.. എന്നാൽ സൗമ്യമായ മുഖത്തോടെ ചിത്രയുടെ സ്വതസിദ്ധശൈലിയിൽ വിനയത്തോടെ എല്ലാവരും രാമസ്തുതി പറയണമെന്ന് പറഞ്ഞപ്പോഴാണ് ജനം രൂക്ഷമായി പ്രതികരിച്ചത്. അതാണ് കേരളം. അത്തരം പ്രതികരണങ്ങളാണ് കേരളത്തെ ഇതര സംസ്ഥാനങ്ങളിൽ നിന്നും ഒരുപടി മുന്നിൽ നിർത്തുന്നത്.
രാമജന്മഭൂമി – ബാബറി മസ്ജിദ് വിഷയം ലോകത്തിനു മുൻപിൽ ഇന്ത്യക്ക് തല താഴ്ത്തി നിൽക്കേണ്ടി വന്ന സംഭവമാണ്. ഇന്ത്യൻ ചരിത്രത്തിൽ ആഴത്തിൽ മുറിവുണ്ടാക്കിയ സംഭവം. ഹിന്ദു എന്നും മുസ്ലിം എന്നും പറഞ്ഞു കൊണ്ട് ജനത്തെ ധ്രുവീ കരിച്ചു പിന്നോക്കരെ തെരുവിലിറക്കി ദൈവത്തിന്റെ പേരിൽ സമാനതകളില്ലാത്ത ഹിംസ നടത്തിയ ആ ദിനങ്ങൾ. അതിനെതുടർന്നു രാമൻ “ജയ് ശ്രീറാം” ആയി ഇന്ത്യയിൽ അവതരിക്കുകയും ചെയ്തു “കേരളത്തിലെ ചില മാധ്യമങ്ങൾ, സാംസ്‌കാരിക പ്രവർത്തകർ ഒക്കെ ഇവയെല്ലാം സൗകര്യപൂർവ്വം മറക്കുന്നു. ഇന്നും മാനസിക രോഗികളായി അന്നത്തെ ഇരകൾ ഇന്ത്യയിൽ മരിച്ചു ജീവിക്കുന്നു.
അയോദ്ധ്യയിൽ അമ്പലം പണിയുന്നു. മേൽപ്പറഞ്ഞതൊന്നും സംഭവിക്കാത്ത രീതിയിൽ ചിത്രയെപ്പോലെ അലിവുള്ള ഒരു മുഖത്തെ കൊണ്ട് വന്ന് ഒന്നും സംഭവിക്കാത്തതുപോലെ എല്ലാവരും രാമസ്തുതി പറയാൻ ചിത്ര പറയുന്നു. ബ്രാഹ്മണമതത്തിന്റെ വേരുകൾ ഊട്ടി ഉറപ്പിക്കുവാൻ അത്തരം ഒരു മുഖം ആണ് അതിന്റെ വക്താക്കൾക്ക് ആവശ്യം. കാരണം പറഞ്ഞത് അമിത് ഷാ അല്ല. ചിത്രയാണ്. ശരാശരി മലയാളി അതെടുത്തു വിഴുങ്ങും. മാധ്യമങ്ങൾ സപ്പോർട് ചെയ്യും. അത് ഇക്കൂട്ടർക്ക് വ്യക്തമായി അറിയാം.രാമനെ ജയ് ശ്രീറാം ആക്കിയതുപോലെയുള്ള അജണ്ട സെറ്റിംഗിന്റെ ഭാഗമായാണ് ചിത്രയെപ്പോലെ മറ്റിടപെടലുകൾ ഇല്ലാത്ത ഒരു ‘കറ തീർന്ന വ്യക്തിത്വത്തെ ‘ നൂലിൽ കെട്ടിയിറക്കി ഇപ്പോൾ കാണിച്ചു കൊണ്ടിരിക്കുന്നത്.
പണ്ട് പശുവിനെ ഇങ്ങനെ നൂലിൽ കെട്ടിയിറക്കിയത് ഇതുപോലെ ആയിരുന്നു. പശു ഒരു വളർത്തു മൃഗമാണ്,.ഗായ് ഏക് പാൽ തൂ ജാൻവർ ഹേ, കൗ ഈസ് എ ഡോമസ്റ്റിക് ആനിമൽ എന്നൊക്കെ നമ്മളെക്കൊണ്ട് പഠിപ്പിച്ചു. ഇന്ത്യയിലെ എല്ലാ ഭാഷയിലും ഇത് പഠിപ്പിച്ചുകൊണ്ടേയിരുന്നു.”കു മ്പ കുലുക്കും പശുവമ്മ, വാലാട്ടീടും പശുവമ്മ ” എന്നൊക്കെ നഴ്സറി ക്ലാസ്സ് മുതൽ തന്നെ കുഞ്ഞുങ്ങളെ പഠിപ്പിച്ചു തുടങ്ങി. അഞ്ചുമാർക്ക് കിട്ടേണ്ട ഉത്തരമായതുകൊണ്ട് നമ്മൾ എല്ലാവരും അതൊക്കെ കൃത്യമായി പഠിച്ചു. പതിയെ പതിയെ പശു എന്ന മൃഗത്തെ ചെല്ലും ചെലവും കൊടുത്തു ബ്രാഹ്മണ മതം ഗോമാതാവ് ആക്കി മാറ്റി.അതിന്റെ ദുരന്തങ്ങൾ അനുഭവിക്കുന്നത് ഇന്ത്യയിലെ സവർണ ഹിന്ദുക്കൾ അല്ല ഇവിടുത്തെ ദലിതരും ആദിവാസികളും പിന്നോക്കരും മുസ്ലിങ്ങളും ആണ്.
ഇപ്പോൾ ചിത്ര പറഞ്ഞതിൽ അപാകത ഇല്ല എന്ന് പറയുന്നവർക്ക് ഒരിക്കലും അപാകത തോന്നാൽ പോകുന്നില്ല. കാരണം അവർ സേഫ്സോണിൽ ഇരിക്കുന്ന ഹിന്ദുക്കളാണ്. പ്രിവിലേജിന്റെ അട്ടത്ത് ഇരിക്കുന്നവർക്ക് ഒരു കുഴപ്പവും ഉണ്ടാകില്ല. കേരളത്തിലെ മാധ്യമങ്ങൾക്ക് അവരുടെ താല്പര്യങ്ങൾ സംരക്ഷിച്ചേ മതിയാവു.അവർ ആടിനെ പട്ടിയാക്കി വഴി തെറ്റിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കണ്ടു കൊണ്ടിരിക്കുന്നത്. അയോധ്യയിൽ ക്ഷേത്രം പണിയുന്നതിനു ചിത്ര രാമസ്തുതി പറഞ്ഞതിലെ രാഷ്ട്രീയ ശരികേട് ധൈര്യത്തോടെ ചോദ്യം ചെയ്യാൻ അവരുടെയൊക്കെ മുട്ട് വിറയ്ക്കും. എന്നാൽ ചിത്രയ്ക്കെതിരെ സൈബർ ആക്രമണം ആണെന്ന വിലാപം ഒഴുക്കുവാൻ അവർ മുന്നിൽ നിൽക്കും. യഥാർത്ഥ ഇരകളുടെ മനസ്സിൽ തങ്ങൾ തെറ്റ് ചെയ്തു എന്ന കുറ്റബോധം ഉണ്ടാക്കി ത്തന്നു വിഷയത്തെ നോർമലൈസ് ചെയ്യുന്ന സവർണതയാണ് അവരിപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. എത്രയോ നിരാലംബ സ്ത്രീകൾ ഇവിടെ സൈബർ അക്രമണത്തിന് വിധേയരായി. ആത്മഹത്യ ചെയ്തവർ വരെയുണ്ട്. അന്നൊന്നും ഇത്തരം ഒരു ചർച്ച ഇവിടെ ഉണ്ടായിട്ടില്ല. ഒരു സവർണ സ്ത്രീക്കു സൈബർ ആക്രമണം നേരിടുമ്പോൾ മാത്രം പൊള്ളുന്ന മാധ്യമത്തെ സവർണ മാധ്യമം എന്ന് തന്നെയാണ് വിളിക്കേണ്ടത്.
ചിത്ര പാവമാണ്. എല്ലാവരും എന്ന വാക്ക് നിരുപദ്രവമാണ്. എന്നാൽ അയോദ്ധ്യയുടെ പശ്ചാത്തലത്തിൽ, രാമസ്തുതി ഏറ്റ് പറയണം എന്ന് എല്ലാവരോടും പറയുന്ന ചിത്ര നമ്മുടെ പാഠ പുസ്തകങ്ങളിൽ കുമ്പ കുലുക്കും പശുവമ്മയുടെ റോൾ ആണ് ഇപ്പോൾ നിർവഹിക്കുന്നത്. ഇപ്പോൾ നമ്മൾ അതിനെ നോർമലൈസ് ചെയ്താൽ സമയമാകുമ്പോൾ അത് തിരിഞ്ഞു നിന്നു കൊമ്പ് കൊണ്ട് കുത്തും. അതിൽ കോർക്കപ്പെടുന്നവർ ഇവിടുത്തെ ദലിതരും, ആദിവാസികളും, പിന്നോക്കരും, മുസ്ലിങ്ങളും ആയിരിക്കും.. നോർമലൈസ് ചെയ്യുന്നവർക്ക് ഒന്നും നഷ്ടപ്പെടുവാനില്ല. അവർക്കൊപ്പമല്ല നമ്മളൊക്കെ സ്കൂളിൽ പറഞ്ഞു ശീലിച്ച ആ പ്രതിജ്ഞ യ്ക്കൊപ്പമാണ് ഇപ്പോൾ നിലയുറപ്പിക്കേണ്ടത്. രാജ്യത്തിന്റെ അഖ ണ് ഡത കാത്തു സൂക്ഷിക്കുവാൻ നിലകൊള്ളും എന്ന് തന്നെയായിരുന്നു ആ പ്രതിജ്ഞ. ഇലക്ഷന് മുന്പ് ഒരു ധ്രുവീകരണം ഇപ്പോൾ ബ്രാഹ്മണ മത വക്താക്കൾക്ക് ആവശ്യമുണ്ട്. അതിനുള്ള ബാക് സപ്പോർട് ആയാണ് “ചിത്രയും അവരുടെ എല്ലാവരും “എന്ന പ്രയോഗവും ഇന്ത്യൻ മനസുകളിലേയ്ക്ക് വന്ന് വീണിരിക്കുന്നത്. താല്പര്യമുള്ളവർ എന്ന് അവർ പറഞ്ഞിരുന്നെങ്കിൽ അതിനെ വിട്ടുകളയാമായിരുന്നു. എന്നാൽ ഇത് ആസൂത്രി തമാണ്.ചിത്രയും നമ്മളെപ്പോലെ ഒരു സാധാരണ സിറ്റിസൺ മാത്രം.അതിൽ കൂടുതൽ ഒന്നുമില്ല.അതിലപ്പുറം ദിവ്യത്വമോ പാവത്തമോ അവരിൽ ഇല്ല. വിയോജിപ്പ് പറയുമ്പോൾ സൗമ്യത എടുത്തു കാട്ടി ഇരകളെ കുറ്റക്കാരാക്കുന്ന സവർണ തന്ത്രം അനുവദിച്ചു കൊടുക്കാൻ പാടില്ല.
അയോധ്യ എന്ന അമ്പലം ഉയർന്നു വരുന്നതിൽ എനിക്ക് യാതൊരു എക്സൈറ്റുമെന്റുമില്ല. ഇന്ത്യയിൽ ഒരു പൊതു കക്കൂസ് ആണ് ആ ദിവസം ഉയർന്നു വന്നിരുന്നതെങ്കിൽ ഞാൻ കൂടുതൽ സന്തോഷിച്ചേനെ. കാരണം എനിക്ക് തുല്യ ജനാധിപത്യം കിട്ടുന്ന ഇന്ത്യയിലെ അപൂർവ്വം ഇടങ്ങളിൽ ഒന്നാണത്.