കോഴിക്കോട്: തിങ്കളാഴ്ച വൈകിട്ട് കൊടുവള്ളി പാലക്കുറ്റിയില്‍ യുവാവിന് കുത്തേറ്റ സംഭവത്തില്‍ ഒന്നാംപ്രതിയായ പാലക്കുറ്റി കുന്നുമ്മല്‍ മുഹമ്മദ് നിസാര്‍ (ചോട്ടാ നിസാര്‍ -36) കൊടുവള്ളി പോലീസിന്റെ പിടിയില്‍. സാമ്പത്തിക ഇടപാടു സംബന്ധിച്ച വാക്തര്‍ക്കത്തിനിടെയാണ് കൊടുവള്ളി നെല്ലോറമ്മല് ഷമീറി(36)നെ ചോട്ടാ നിസാര്‍ കുത്തിപ്പരിക്കേല്‍പ്പിച്ചത്.
കാലില്‍ കുത്തേറ്റ ഷമീറിനെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. ഷമീറിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. ഷമീറും നിസാറിന്റെ സഹോദരന് ഹക്കീമും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെത്തുടര്‍ന്നുള്ള തര്‍ക്കമാണ് സംഭവത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.
രണ്ടാം പ്രതിയായ ഹക്കീം പിടിയിലാവാനുണ്ട്. തിങ്കളാഴ്ച രാത്രി നിസാര്‍ സഞ്ചരിച്ച ബൈക്ക് മൂഴിക്കലില്‍ അപകടത്തില്‍പ്പെടുകയായിരുന്നു. ചേവായൂര്‍ പോലീസ് പിടികൂടിയ ഇയാളെ പിന്നീട് കൊടുവള്ളി പോലീസിന് കൈമാറുകയായിരുന്നു. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.