തൃശ്ശൂര്‍: ലൂര്‍ദ് പള്ളിയില്‍ മാതാവിന് സ്വര്‍ണ്ണക്കിരീടം സമര്‍പ്പിച്ച് നടന്‍ സുരേഷ് ഗോപി. മകളുടെ വിവാഹത്തിന് മുന്നോടിയായി കുടുംബത്തോടൊപ്പം എത്തിയാണ് സുരേഷ് ഗോപി സ്വര്‍ണക്കിരീടം സമര്‍പ്പിച്ചത്. രാവിലെ 10.30-ഓടെയായിരുന്നു സുരേഷ് ഗോപി ലൂര്‍ദ് പള്ളിയില്‍ എത്തിയത്.
മകളുടെ വിവാഹത്തിന് മുമ്പായി ലൂര്‍ദ് മാതാവിന് സ്വര്‍ണ്ണക്കിരീടം സമര്‍പ്പിക്കാമെന്ന് നേരത്തെ നേര്‍ച്ച ഉണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് സ്വര്‍ണ്ണക്കിരീടം സമര്‍പ്പിച്ചത്.
ബുധനാഴ്ച ഗുരുവായൂരില്‍ വെച്ചാണ് മകളുടെ വിവാഹം. ഇതിന് മുമ്പേ കിരീടം സമര്‍പ്പിക്കണമെന്ന ആഗ്രഹത്താലാണ് എത്തിയതെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. കിരീടം സമര്‍പ്പണമായാണ് നല്‍കുന്നത്. അതുകൊണ്ടുതന്നെ അതിന്റെ തൂക്കമോ വിലയോ അറിയേണ്ടതില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
അതേസമയം, പൊതുതിരഞ്ഞെടുപ്പ് അടുത്തിരിക്കെ തൃശ്ശൂരില്‍ ബിജെപി സ്ഥാനാര്‍ഥിയായി സുരേഷ് ഗോപിയുടെ പേരാണ് ഉയര്‍ന്നു കേള്‍ക്കുന്നത്.