KeralaNEWS

സാമൂഹിക വിമർശനത്തിന്റെ മൂർച്ചയേറിയ വരകൾ എന്ന് മന്ത്രി പി.രാജീവ്: കാർട്ടൂണിസ്റ്റ് രജീന്ദ്രകുമാറിനെ അനുസ്മരിച്ചു

     കോഴിക്കോട്: വരകളിലൂടെ കേരളീയ സാംസ്‌കാരിക-രാഷ്ട്രീയ പരിസരത്ത് മൂർച്ചയുള്ള ചർച്ചകൾ നടത്തിയ കാർട്ടൂണിസ്റ്റ് രജീന്ദ്രകുമാറിനെ ഓർമിച്ച് കാലിക്കറ്റ് പ്രസ്‌ക്ലബും കേരള കാർട്ടൂൺ അക്കാദമിയും. പ്രസ്‌ക്ലബ് ഹാളിൽ നടന്ന ചടങ്ങ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു.

‘തനിക്ക് സമൂഹത്തോട് പറയാനുള്ളത് ഏറ്റവും മൂർച്ചയേറിയ വരകളിലൂടെ അവതരിപ്പിച്ച കാർട്ടൂണിസ്റ്റും കാരിക്കേച്ചറിസ്റ്റുമായിരുന്നു രജീന്ദ്രകുമാ’റെന്ന് പി.രാജീവ് പറഞ്ഞു. കാലത്തിനനുസരിച്ച് വരുന്ന മാറ്റങ്ങളെ ചലനാത്മകമായി പുതുക്കിക്കൊണ്ടിരുന്നു രജീന്ദ്രകുമാർ. അദ്ദേഹം വരച്ചിട്ട വരകളിലൂടെ കാലാതിവർത്തിയാവും ആ ജീവിതമെന്നും രാജീവ് അഭിപ്രായപ്പെട്ടു.

Signature-ad

എം.കെ.രാഘവൻ എം.പി മുഖ്യ പ്രഭാഷണം നടത്തി. കാർട്ടൂണും കാരിക്കേച്ചറും രജീന്ദ്രകുമാറിന് ജീവിതമായിരുന്നു.  അവസാനകാലത്ത് രോഗം ബാധിച്ച്  കിടക്കുമ്പോഴും അദ്ദേഹം ചോദിച്ചുകൊണ്ടിരുന്നത് ‘എനിക്കൊരു പേനയും കടലാസും തരുമോ’ എന്നായിരുന്നു. വരച്ച ഓരോ കാർട്ടൂണുകളും പുതിയകാലത്ത് പുനർവായനയ്ക്ക് അവസരം നൽകുന്നതാണെന്നും എം.പി. പറഞ്ഞു.

കേരള കാർട്ടൂൺ അക്കാദമി ചെയർമാൻ സുധീർനാഥ് അധ്യക്ഷത വഹിച്ചു. മാതൃഭൂമി പത്രാധിപർ മനോജ്.കെ ദാസ് മുഖ്യഭാഷണം നടത്തി. കാർട്ടൂണിസ്റ്റുമാരായ ആർ. ഗോപീകൃഷ്ണൻ,
വി.ആർ. രാഗേഷ്, അനിമേറ്റർ സുരേഷ് ഏറിയാട്ട്,  ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രൻ, പ്രസ് അക്കാദമി മുൻ ചെയർമാൻ എൻ.പി. രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. പ്രസ്‌ക്ലബ് സെക്രട്ടറി പി.എസ്.രാകേഷ് സ്വാഗതവും കാർട്ടൂൺ  അക്കാദമി നിർവാഹക സമിതി അംഗം മധൂസ്  നന്ദിയും പറഞ്ഞു.

Back to top button
error: