KeralaNEWS

സമസ്ത നേതാക്കളെ വെറുപ്പിക്കാന്‍ വന്നാല്‍ കൈ വെട്ടും; കൊലവിളിയുമായി എസ്.കെ.എസ്.എസ്.എഫ് നേതാവ്

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പണ്ഡിതന്മാരെയോ അതിന്റെ ഉസ്താദുമാരെയോ വെറുപ്പിക്കാനും പ്രയാസപ്പെടുത്താനും ആരു വന്നാലും ആ കൈ വെട്ടാന്‍ എസ്.എസ്.കെ.എസ്.എഫിന്റെ പ്രവര്‍ത്തകരുണ്ടാവുമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താര്‍ പന്തല്ലൂര്‍. ഇതിനെ അപമര്യദയായി ആരും കണേണ്ടതില്ല. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്ക് വേണ്ടിമരിക്കാന്‍ സന്നദ്ധരായിട്ടുള്ള ഒരു പ്രസ്ഥാനത്തിന്റെ മുന്നറിയിപ്പാണെന്ന് എല്ലാവരും തിരിച്ചറിയണം.

‘സത്യം, സ്വത്വം, സമര്‍പ്പണം’ എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് 35-ാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് വ്യാഴാഴ്ച രാത്രി മലപ്പുറത്ത് നടന്ന മുഖദ്ദസ് സന്ദേശയാത്രയുടെ സമാപന സമ്മേളനത്തിലാണ് വിവാദ പ്രസംഗം നടത്തിയത്. ഉലമാക്കളെ അംഗീകരിച്ചും ബഹുമാനിച്ചുമാണ് എക്കാലവും ഈ സംഘടന മുന്നോട്ട് പോയിട്ടുള്ളത്.സമസ്തയോടെല്ലാതെ ഒരു പ്രസ്ഥാനത്തോടും ഈ സംഘടന വീട്ടുവീഴ്ച്ചക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കൃത്യമായ അജണ്ടയും നിലപാടുമുള്ള പ്രസ്ഥാനമാണത്.

Signature-ad

പ്രസംഗത്തില്‍ സാദിഖലി തങ്ങളെ പേരെടുത്ത് പറയാതെ പരോക്ഷമായി സത്താര്‍ പന്തല്ലൂര്‍ വിമര്‍ശിച്ചു. തലയിരിക്കുമ്പോള്‍ വാലാടേണ്ട എന്ന സമസ്തക്കെതിരെയുള്ള സാദിഖലി തങ്ങളുടെ വിമര്‍ശനത്തെ എടുത്ത് പറഞ്ഞാണ് പരോക്ഷ വിമര്‍ശനം. സമുദായത്തെ വഴിതെറ്റിക്കാന്‍ പലരും കടന്നുവന്നപ്പോള്‍ എസ്‌കെഎസ്എസ്എഫ് ഇടപെട്ടു. എന്നാല്‍, എസ്‌കെഎസ്എസ്എഫ് ഇടപെടേണ്ടതില്ല, നിങ്ങള്‍ക്കല്പം വികാരം കൂടുതലാണ്, തലയുള്ളപ്പോള്‍ വാല്‍ ഇടപെടേണ്ട കാര്യമെന്ത്, എന്നെല്ലാം പറഞ്ഞ് പ്രസ്ഥാനത്തേ മോശമായി ചിത്രീകരിച്ചു. എല്ലാത്തിന്റെയും അന്തിമവിജയം എസ്.കെ.എസ്.എസ്.എഫിന് ആയിരിക്കുമെന്നും സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു.

സമസ്ത കേരള ജംഇയത്തുല്‍ ഉലമ ഒരുപാട് പ്രയാസത്തിലാണ് മുന്നോട്ട് പോകുന്നതെന്ന് സമസ്ത മുശാവറ അംഗം വാക്കോട് മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍ പറഞ്ഞു. പോഷക സംഘടനകള്‍ സമസ്തയെ സഹായിക്കണം.ഒപ്പം നിന്ന് കാലുവാരുന്ന രീതി ആരും സ്വീകരിക്കരുതെന്നും വാക്കോട് മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍ പറഞ്ഞു.

 

Back to top button
error: