ബാങ്ക് മാനേജരായ 34 വയസുള്ള യുവതിയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കാമുകനായ 24 കാരൻ അറസ്റ്റില്‍. സിയോണ്‍ കോളിവാഡ സ്വദേശിയായ അമിത് രവീന്ദ്ര കൗര്‍ (ആമി) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ യുപി സ്വദേശി ശുഐബ് ശെയ്ഖ് എന്ന 24 കാരൻ പൊലീസ് പിടിയിലായി.
ഐഡിഎഫ്സി ബാങ്കിന്റെ നവിമുംബൈ ശാഖയിലെ മാനേജരാണ് കൊല്ലപ്പെട്ട ആമി. ജനുവരി 8 ന് യുവതിയുടെ ജന്മദിനം ആഘോഷിക്കാനാണ് ഇരുവരും മുറിയെടുത്തത്. പ്രതി ആസൂത്രിതമായിട്ടാണ് കൊലപാതകം നടത്തിയത്. യുവതിയെ കാമുകന്‍ കഴുത്തുഞെരിച്ചാണ് കൊലപ്പെടുത്തിയത്.
മൂന്ന് മാസം മുമ്പാണ് ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ടത്. 2023 സെപ്റ്റംബറിലാണ് അമിത് കൗര്‍ വിവാഹമോചിതയായത്. ഇവര്‍ക്ക് ഒരുമകളുണ്ട്. ഇരുവരും ജന്മദിനം ആഘോഷിക്കാനാണ് ഹോട്ടല്‍ മുറിയില്‍ എത്തിയത്. അര്‍ധരാത്രിയോടെ ലോഡ്ജ് ജീവനക്കാര്‍, ശെയ്ഖ് ഹോട്ടല്‍ വിട്ട് പോകുന്നത് കണ്ടെങ്കിലും ശ്രദ്ധിച്ചില്ല. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസെത്തി മുറി തുറന്നപ്പോഴാണ് കൗറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കൊല നടത്തണമെന്ന പദ്ധതിയിട്ട ശേഷമാണ് പ്രതി ഹോട്ടലില്‍ മുറിയെടുത്തത്. പിന്നീട് ആമിയെ വിളിച്ചുവരുത്തുകയായിരുന്നു. കൃത്യത്തിനുശേഷം ഹോട്ടലില്‍നിന്നു കടന്നുകളഞ്ഞ പ്രതി ഉത്തര്‍പ്രദേശിലേക്ക് കടക്കാന്‍ ശ്രമിക്കവെ പൊലീസിന്റെ പിടിയിലാകുകയായിരുന്നു.
ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണത്രേ കൊലപാതകം നടത്തിയത്.