ന്യൂഡല്‍ഹി: ചരക്കു കപ്പലുകള്‍ക്കെതിരേ ആക്രമണം പതിവായതോടെ അറബിക്കടലില്‍ ഇന്ത്യ 10 യുദ്ധക്കപ്പലുകള്‍ വിന്യസിച്ചു.
ഡ്രോണ്‍ ആക്രമണങ്ങളും കൊള്ളക്കാരുടെ ആക്രമണവും നേരിടാൻ ഐഎൻഎസ് കോല്‍ക്കത്ത, ഐഎൻഎസ് കൊച്ചി, ഐഎൻഎസ് മര്‍മഗോവ, ഐഎൻഎസ് തല്‍വാര്‍, ഐഎൻഎസ് തര്‍ക്കാഷ് തുടങ്ങി ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകള്‍ ഉള്‍പ്പെടെയാണു നിരീക്ഷണത്തിനായി വിന്യസിച്ചിരിക്കുന്നത്.
ഇവയ്ക്കു പുറമേ നിരീക്ഷണത്തിനായി പി-8ഐ ലോങ് റേഞ്ച് മാരിടൈം പട്രോള്‍ എയര്‍ക്രാഫ്റ്റ്, എംക്യു-9ബി സി ഗാര്‍ഡിയൻ ഡ്രോണുകള്‍ എന്നിവയും വിന്യസിച്ചിട്ടുണ്ട്.
നേരത്തെ ചെങ്കടലില്‍ ഹൂതികളുടെ ആക്രമണത്തെ ചെറുക്കുന്നതിനായി യുദ്ധക്കപ്പലുകൾ ഇറക്കി യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ നിരീക്ഷണം ശക്തമാക്കിയിരുന്നു.