മാലിദ്വീപ് സന്ദര്‍ശിക്കാനായി നറുക്കെടുപ്പിലൂടെ രണ്ടുപേരെ തിരഞ്ഞെടുക്കുന്നതായി പ്രഖ്യാപിച്ച ഖത്തര്‍ എയര്‍വെയ്സിന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇന്ത്യക്കാരുടെ കമന്റുകൾ നിറയുന്നത്.മാലിദ്വീപല്ല ലക്ഷദ്വീപ് സന്ദർശിക്കൂ എന്നാണ് കൂടുതൽ കമന്റുകളും.
നറുക്കെടുപ്പിലൂടെ രണ്ടുപേര്‍ക്ക് അഞ്ച് രാത്രി മാലിദ്വീപില്‍ ചെലവഴിക്കാം എന്നാണ് ഖത്തര്‍ എയര്‍വെയ്സ് നല്‍കിയിരിക്കുന്ന ഓഫര്‍. എന്നാല്‍ മാലിദ്വീപിനേക്കാൾ ലക്ഷദ്വീപാണ് മെച്ചം എന്നാണ് ഇന്ത്യക്കാരായ യാത്രക്കാര്‍ അഭിപ്രായപ്പെടുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തോടെയാണ് ഇന്ത്യ മാലിദ്വീപ് സംഘര്‍ഷത്തിന് ആരംഭമാക്കുന്നത്. ലക്ഷദ്വീപ് സന്ദര്‍ശിച്ച പ്രധാനമന്ത്രിയെ അവഹേളിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തുകയും ഇന്ത്യാവിരുദ്ധ പരാമര്‍ശങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്തതിന്റെ പേരില്‍ മാലിദ്വീപിലെ മൂന്ന് മന്ത്രിമാര്‍ക്ക് സസ്പെൻഷൻ നേരിടേണ്ടി വന്നു.
എന്നാല്‍, ഈ സസ്പെൻഷൻ നടപടി കൊണ്ട് ഇന്ത്യയിലെ വിവാദങ്ങള്‍ കെട്ടടങ്ങിയിട്ടില്ല. സിനിമാതാരങ്ങളും ക്രിക്കറ്റ് താരങ്ങളും അടക്കമുള്ള നിരവധി പ്രമുഖരാണ് ഇപ്പോള്‍ മാലിദ്വീപിനെതിരായി രംഗത്ത് വന്നിരിക്കുന്നത്. ഇതോടെ ടൂറിസം മേഖലയില്‍ വലിയ നഷ്ടമാണ് മാലിദ്വീപിന് ഉണ്ടായിട്ടുള്ളത്.