സ്വഭാവിക പ്രക്രിയയിലൂടെ കളിക്കാരെ വളര്‍ത്തിയെടുക്കുന്നതിനു പകരം മറ്റ് ടീമുകളില്‍ കളിച്ച് ശ്രദ്ധിക്കുന്ന താരങ്ങളെ റാഞ്ചുന്നതാണ് ഗോയങ്കെയുടെ രീതി. ഇതിനായി എത്ര പണം വേണമെങ്കിലും മുടക്കാന്‍ അദേഹത്തിന് മടിയുമില്ല.
മറ്റൊരു ടീമിനെ പരിശീലിപ്പിച്ചിരുന്ന ജുവാന്‍ ഫെറാണ്ടോയെ രാത്രിക്കുരാത്രിയാണ് മോഹന്‍ ബഗാന്‍ റാഞ്ചിയെടുത്ത് സ്വന്തം പരിശീലകനായത്. എന്നാൽ വലിയ പ്രതിഫലം കൊടുത്തു കൊണ്ടുവന്നവര്‍ ഇപ്പോള്‍ ടീമിന് തലവേദനയാകുന്നതായാണ് ബഗാനില്‍ നിന്നുള്ള പുതിയ വാര്‍ത്ത.കോച്ഛ് ജുവാനെ ഇതിനകം തന്നെ ക്ലബ് പുറത്താക്കിക്കഴിഞ്ഞു.
ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ചില വിദേശ താരങ്ങളടക്കം ടീം വിട്ടേക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്. മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് ഉൾപ്പെടെയാണിത്. മോഹന്‍ ബഗാന്റെ സൂപ്പര്‍ താരം ഹ്യൂഗോ ബൗമസും ടീം വിടുകയാണെന്നാണ് റിപ്പോര്‍ട്ട്. മറ്റൊരു ഐഎസ്എല്‍ ടീമുമായി താരം കരാറിലെത്തിയെന്നും സ്ഥിരീകരിക്കാത്ത വാർത്തയുണ്ട്.
നിരവധി ഇന്ത്യന്‍ താരങ്ങളെ കഴിഞ്ഞ സീസണിലടക്കം ബഗാന്‍ സ്വന്തം ക്യാംപില്‍ എത്തിച്ചിരുന്നു.എന്നാൽ പലരും ഇപ്പോഴും സൈഡ് ബെഞ്ചില്‍ തന്നെയാണ്. വലിയ പ്രതിഫലം നല്കി ടീമില്‍ എത്തിച്ചെങ്കിലും കളിക്കാന്‍ അവസരം ലഭിക്കാത്തത് പലരെയും അസ്വസ്ഥരാക്കുന്നുണ്ട്.
മലയാളിതാരം സഹല്‍ അബ്ദുല്‍ സമദിനെ വലിയ തുകയ്ക്കാണ് ബഗാന്‍ ടീമിലെത്തിച്ചത്. തുടക്കത്തില്‍ മികച്ച പ്രകടനം നടത്തിയ സഹലിന് ഇടയ്ക്കുവച്ച് പരിക്കേറ്റ് പുറത്തു പോകേണ്ടി വന്നു.പിന്നീട് സഹലിന് അവസരം നൽകിയതുമില്ല.
ടീമിലെ ആഭ്യന്തര പ്രശ്‌നങ്ങളും മോഹൻ ബഗാനെ വയ്ക്കുന്നുണ്ട്. താരങ്ങൾ തമ്മിൽ പലപ്പോഴും കയ്യാങ്കളി വരെ ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ട്.കളിക്കാര്‍ തമ്മില്‍ ചേരിപ്പോര് രൂക്ഷമായെന്നും ഗ്രൂപ്പിസം ബഗാന്‍ ക്യാംപില്‍ പിടിമുറുക്കിയെന്നും കൊല്‍ക്കത്തന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. ടീം ഉടമ കളിക്കാരുടെ യോഗം വിളിച്ച് എല്ലാവര്‍ക്കും മുന്നറിയിപ്പ് നല്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം ബഗാനിൽ നിന്നും പുറത്താക്കിയ കോച്ച് ജുവാന്‍ ഇന്ത്യ വിടില്ലെന്നാണ് റിപ്പോര്‍ട്ട്. മറ്റൊരു ഐഎസ്എല്‍ ടീം അദേഹത്തെ സമീപിച്ചിട്ടുണ്ട്.ഹൈദരാബാദ് എഫ്‌സിയാണ് ഫെറാണ്ടോയുമായി ചര്‍ച്ച നടത്തുന്നതെന്നാണ് സൂചന. അവരുടെ പരിശീലകന്‍ സാമ്പത്തിക പ്രശ്‌നത്തെ തുടര്‍ന്ന് ടീം വിട്ടുപോയിരുന്നു. വലിയ പ്രതിസന്ധിയിലായിരുന്നു ഹൈദരാബാദിലേക്ക് പുതിയ നിക്ഷേപകര്‍ വന്നതോടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ ഇപ്പോൾ ഒരുവിധം പരിഹരിക്കുകയും ചെയ്തിട്ടുണ്ട്.