ഇടുക്കി: വണ്ടിപ്പെരിയാറില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവിന് കുത്തേറ്റു. കേസില്‍ പ്രത്യേക പോക്സോ കോടതി വെറുതേവിട്ട പ്രതി അര്‍ജുന്റെ ബന്ധുവാണ് ആക്രമണം നടത്തിയത്. വണ്ടിപ്പെരിയാര്‍ ടൗണിലാണ് സംഭവം. പെണ്‍കുട്ടിയുടെ പിതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ തെളിവുകളും അഭാവത്തിലാണ് പ്രതി ചുരക്കുളം എം.എം.ജെ എസ്റ്റേറ്റ് ലയത്തിലെ താമസക്കാരനായ അര്ജുന് സുന്ദറിനെ (24) കോടതി വെറുതെ വിട്ടത്. 2021 ജൂണ്‍ 30നാണ് പെണ്‍കുട്ടിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടി പീഡനത്തിന് ഇരയായെന്ന് മെഡിക്കല്‍ പരിശോധനയില്‍ വ്യക്തമായി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് അര്‍ജുനാണ് കൃത്യം ചെയ്തതെന്ന് പൊലീസ് കണ്ടെത്തിയത്. അര്‍ജുനെതിരെ പൊലീസ് ചുമത്തിയ ബലാത്സംഗം, കൊലപാതകം ഉള്‍പ്പടെ ഒരു കുറ്റവും പ്രോസിക്യൂഷന് കോടതിയില്‍ തെളിയിക്കാനായില്ല.
അതേസമയം, കേസിലെ പ്രതിയെ വെറുതെവിട്ടതിനെതിരായ സര്‍ക്കാറിന്റെ അപ്പീല്‍ ഹരജി ഹൈകോടതി ഫയലില്‍ സ്വീകരിച്ചു. വസ്തുതകളും തെളിവുകളും വിലയിരുത്തുന്നതിലും ശാസ്ത്രീയ തെളിവുകള്‍ പരിഗണിക്കുന്നതിലും വിചാരണക്കോടതിക്ക് തെറ്റുപറ്റിയെന്ന് കാട്ടി നല്കിയ അപ്പീലാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാര്‍, ജസ്റ്റിസ് ജോണ്സണ് ജോണ്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് പരിഗണിച്ചത്.
പ്രതി വണ്ടിപ്പെരിയാര്‍ വെറുതെവിട്ട കട്ടപ്പന പ്രത്യേക കോടതി ഉത്തരവ് റദ്ദാക്കി മതിയായ ശിക്ഷ നല്‍കണമെന്നാണ് അപ്പീല്‍ ഹര്‍ജിയിലെ ആവശ്യം. പ്രതിക്ക് നോട്ടീസ് അയക്കാന്‍ ഉത്തരവിട്ട കോടതി, ഹര്‍ജി ജനുവരി 29 ലേക്ക് മാറ്റി.