വാഷിങ്ടണ്‍: യുഎസ് സൈന്യത്തിന്റെ അന്ത്യശാസനം തള്ളി ചെങ്കടലില്‍ വീണ്ടും ഹൂതി ആക്രമണം. കപ്പലുകള്‍ക്കുനേരെ ഡ്രോണ്‍ ആക്രമണത്തിനാണ് ഹൂതി നീക്കം നടത്തിയത്. എന്നാല്‍, ആര്‍ക്കും പരുക്കോ കേടുപാടുകളോ ഉണ്ടായിട്ടില്ലെന്ന് യുഎസ് നേവി അറിയിച്ചു. ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ വലിയ പ്രത്യാഘാതം ഉണ്ടാകുമെന്ന് യുഎസ്, ബ്രിട്ടന്, ജപ്പാന് എന്നീ രാജ്യങ്ങളുള്‍പ്പെടെ 12 രാജ്യങ്ങള്‍ സംയുക്തമായി അന്ത്യശാസനം നല്കി ഒരു ദിവസം കഴിഞ്ഞപ്പോഴാണ് വീണ്ടും ആക്രമണം.
ഇറാന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഹൂതികളുടെ നിയന്ത്രണത്തിലാണ് യെമന്റെ ഭൂരിഭാഗവും. യെമന്‍ കേന്ദ്രീകരിച്ചാണ് ഹൂതികള്‍ ആക്രമണം നടത്തുന്നത്. നവംബര്‍ 19 മുതല്‍ മിസൈലുകളും ഡ്രോണും ഉപയോഗിച്ച് ചരക്ക് കപ്പലുകളെ ഉള്‍പ്പെടെ ആക്രമിക്കുകയാണ്. ഇസ്രയേല്‍ ഗാസയില്‍ ആക്രമണം നടത്തുന്നതില്‍ പ്രതിഷേധിച്ചാണ് ഹൂതി ആക്രമണം.
യെമനിലെ ഹൂതികള്‍ ചെങ്കടലില്‍ ചരക്കുകപ്പലിനു നേരെ നടത്തിയ ആക്രമണം ചെറുത്തെന്നും ഹൂതികളുടെ 3 ബോട്ടുകള്‍ മുക്കിയെന്നും യുഎസ് സേന നേരത്തെ അറിയിച്ചിരുന്നു. ഡെന്മാര്ക്ക് ഉടമസ്ഥതയിലുളള കപ്പലിനുനേരെയാണ് മിസൈലാക്രമണം ഉണ്ടായത്. തുടര്‍ന്നാണ് 2 യുഎസ് യുദ്ധക്കപ്പലുകള്‍ സഹായത്തിനെത്തിയത്. ഹൂതികള്‍ അയച്ച 2 മിസൈലുകള്‍ യുഎസ് വെടിവച്ചിട്ടു. മിസൈലാക്രമണം നടന്നു മണിക്കൂറുകള്‍ക്കുശേഷം ഇതേ കപ്പലിനെ ഹൂതികളുടെ 4 സായുധ ബോട്ടുകള്‍ വളഞ്ഞു. സഹായത്തിനെത്തിയ യുഎസ് സൈനിക ഹെലികോപ്റ്ററുകള്‍ക്കു നേരെ ഹൂതികള്‍ വെടിയുതിര്‍ത്തു. തുടര്‍ന്നു നടത്തിയ പ്രത്യാക്രമണത്തില്‍ 3 ബോട്ടുകള്‍ മുക്കിയതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അവകാശപ്പെട്ടിരുന്നു.