ദിവ്യയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ‘സിറ്റി പോയിന്റ്’ ഹോട്ടലിന്റെ ഉടമയായ അഭിജീത് സിങ് ഉള്‍പ്പെടെ മൂന്നുപേരാണ് അറസ്റ്റിലായത്. അഭിജീത് ദിവ്യയെ വെടിവെച്ച് കൊലപ്പെടുത്തിയതാണെന്ന് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. കൃത്യത്തിന് പിന്നാലെ ഹോട്ടല്‍ ജീവനക്കാരായ ഹേമരാജ്, ഓംപ്രകാശ് എന്നിവരുടെ സഹായത്തോടെ മൃതദേഹം ഹോട്ടലില്‍നിന്ന് കാറിലേക്ക് മാറ്റി. തുടര്‍ന്ന് കൂട്ടാളികളായ മറ്റുരണ്ടുപേരെ മൃതദേഹം ഉപേക്ഷിക്കാനായി ചുമതലപ്പെടുത്തിയെന്നും കാറുമായി ഇവര്‍ പോയെന്നുമാണ് പ്രാഥമികവിവരം. ഇവരെ കണ്ടെത്താനായാണ് പോലീസ് തിരച്ചില്‍ വിപുലമാക്കിയിരിക്കുന്നത്.
ദിവ്യ സ്വകാര്യചിത്രങ്ങള്‍ പകര്‍ത്തി പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നും ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുമാണ് അഭിജീതിന്റെ മൊഴി. തനിക്കൊപ്പമുള്ള സ്വകാര്യചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാനാണ് ദിവ്യ ശ്രമിച്ചതെന്നും ഇയാള്‍ പറഞ്ഞിരുന്നു. എന്നാല്‍, ദിവ്യയുടെ കുടുംബം ഈ മൊഴികളെല്ലാം നിഷേധിച്ചു. 2016 ല്‍ കാമുകനും ഗുണ്ടാനേതാവുമായ സന്ദീപ് ഗഡോലിയെ വ്യാജ ഏറ്റുമുട്ടലില്‍ വധിച്ച കേസിലെ പ്രതിയാണ് ദിവ്യ പഹൂജ. സന്ദീപ് വധക്കേസില്‍ ഏഴുവര്‍ഷത്തോളം ജയിലിലായിരുന്ന യുവതി കഴിഞ്ഞ ജൂണിലാണ് ജാമ്യത്തിലിറങ്ങിയത്.