CrimeNEWS

നടി നെഹ പെന്‍ഡ്‌സെയുടെ വീട്ടില്‍ മോഷണം; ആറു ലക്ഷത്തിന്റെ ആഭരണങ്ങള്‍ കവര്‍ന്നു, ജോലിക്കാരന്‍ അറസ്റ്റില്‍

മുംബൈ: ബോളിവുഡ് നടി നെഹ പെന്‍ഡ്‌സെയുടെ വസതിയില്‍ നിന്നും ആറ് ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങള്‍ മോഷണം പോയതായി പരാതി. നേഹയുടെ ഭര്‍ത്താവിന്റെ ഡ്രൈവറാണ് പരാതി നല്‍കിയത്. ബാന്ദ്ര വെസ്റ്റിലെ അരീറ്റോ ബില്‍ഡിംഗിന്റെ 23-ാം നിലയിലുള്ള ഫ്ളാറ്റിലാണ് മോഷണം നടന്നതെന്ന് നേഹ പെന്‍ഡ്സെയുടെ ഭര്‍ത്താവ് ഷാര്‍ദുല്‍ സിംഗ് ബയാസിന്റെ ഡ്രൈവര്‍ രത്നേഷ് ഝായുടെ പരാതിയില്‍ പറയുന്നു.

നാല് വര്‍ഷം മുമ്പ് വിവാഹ സമ്മാനമായി ലഭിച്ച സ്വര്‍ണവളയും വജ്രം പതിച്ച മോതിരവും കാണാനില്ലെന്നാണ് ഡിസംബര്‍ 28ന് നല്‍കിയ പരാതിയില്‍ പറയുന്നത്. സംഭവദിവസം പുറത്തുപോയപ്പോള്‍ ബയാസ് ആഭരണങ്ങള്‍ ധരിച്ചിരുന്നു.വീട്ടില്‍ മടങ്ങിയെത്തിയ അദ്ദേഹം ആഭരണങ്ങള്‍ അലമാരയില്‍ സൂക്ഷിക്കാനായി വീട്ടുജോലിക്കാരനായ സുമതി കുമാര്‍ സോളങ്കിയെ ഏല്‍പ്പിച്ചു. ഫ്‌ലാറ്റിലെ കാര്യങ്ങളെല്ലാം നോക്കുന്ന സോളങ്കി മറ്റു ജോലിക്കാര്‍ക്കൊപ്പം ഫ്‌ലാറ്റിന്റെ പരിസരത്താണ് താമസിക്കുന്നത്. സംഭവദിവസം പുറത്തേക്ക് പോകാനൊരുങ്ങിയ ബയാസ് അലമാരയില്‍ നിന്ന് ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തി. വീട്ടുജോലിക്കാരോട് അന്വേഷിച്ചപ്പോള്‍ അവര്‍ക്കും അറിവുണ്ടായിരുന്നില്ല. ഈ സമയത്ത് സോളങ്കി വീട്ടിലുണ്ടായിരുന്നില്ല. ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ കൊളാബയിലുള്ള അമ്മായിയുടെ വീട്ടിലാണെന്നാണ് പറഞ്ഞത്.

Signature-ad

ചോദ്യം ചെയ്യലില്‍ താന്‍ ആഭരണങ്ങള്‍ എടുത്തില്ലെന്ന് സോളങ്കി തറപ്പിച്ചുപറഞ്ഞു. ബയാസ് വീണ്ടും തിരച്ചില്‍ നടത്തിയെങ്കിലും ആഭരണങ്ങള്‍ കണ്ടെത്താനായില്ല. സോളങ്കിയോട് ഉടന്‍ വീട്ടിലെത്താന്‍ ബയാസ് ആവശ്യപ്പെട്ടെങ്കിലും തിരിച്ചുവരാന്‍ തയ്യാറായില്ല. ഇതോടെ കൂടുതല്‍ സംശയമായി. തുടര്‍ന്ന് ഝാ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് സോളങ്കിയെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും മോഷ്ടിച്ച ആഭരണങ്ങള്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല.

 

Back to top button
error: