IndiaNEWS

”ശ്രീരാമന്‍ മാംസാഹാരി, 14 വര്‍ഷം കാട്ടില്‍ ജീവിച്ച ഒരാള്‍ എങ്ങനെ സസ്യാഹാരിയാകും?” എന്‍സിപി നേതാവിന്റെ പരാമര്‍ശം വിവാദത്തില്‍

മുംബൈ: ഭഗവാന്‍ ശ്രീരാമന്‍ സസ്യാഹാരിയായിരുന്നില്ലെന്ന മഹാരാഷ്ട്ര എന്‍സിപി നേതാവിന്റെ പരാമര്‍ശം വിവാദത്തില്‍. അയോധ്യയില്‍ നിര്‍മിക്കുന്ന രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിനമായ ജനുവരി 22ന് മഹാരാഷ്ട്രയില്‍ മാംസാഹാരവും മദ്യവും നിരോധിക്കണമെന്ന് ബിജെപി ആവശ്യപ്പെടുന്നതിനു പിന്നാലെയായിരുന്നു പ്രസ്താവന. എന്‍സിപി ശരദ് പവാര്‍ വിഭാഗം നേതാവായ ജിതേന്ദ്ര അവാദാണ് വിവാദ പരാമര്‍ശം നടത്തിയത്.

”ആരും ചരിത്രം വായിക്കാറില്ല. രാഷ്ട്രീയത്തില്‍ എല്ലാം മറക്കുകയും ചെയ്യും. രാമന്‍ നമ്മുടെ സ്വന്തമാണ്. അദ്ദേഹം ബഹുജന്‍ (പിന്നാക്കക്കാരന്‍) ആണ്. ഭക്ഷിക്കാന്‍ വേട്ടയാടുന്ന രാമന്‍ ഒരിക്കലും സസ്യഭുക്കായിരുന്നില്ല, അദ്ദേഹം മാംസാഹാരിയായിരുന്നു. 14 വര്‍ഷം കാട്ടില്‍ ജീവിച്ച ഒരാള്‍ക്ക് എങ്ങനെ സസ്യാഹാരിയായി തുടരാന്‍ കഴിയും?” ജിതേന്ദ്ര ഔഹാദ് പറഞ്ഞു. ഇതിനെതിരെ ബിജെപി നേതാക്കള്‍ രംഗത്തെത്തി.

Signature-ad

ബാലാസാഹേബ് താക്കറെ ജീവിച്ചിരുന്നെങ്കില്‍ ശിവസേനയുടെ സാമ്ന പത്രം ‘രാമന്‍ മാംസാഹാരി’ ആയിരുന്നെന്ന പരാമര്‍ശത്തെ വിമര്‍ശിക്കുമായിരുന്നെന്ന് ബിജെപി എംഎല്‍എ റാം കദം പറഞ്ഞു. ”എന്നാല്‍ ഇന്ന് ആരെങ്കിലും ഹിന്ദുക്കളെ കളിയാക്കുന്നത് അവര്‍ (ഉദ്ധവ് വിഭാഗം ശിവസേന) കാര്യമാക്കുന്നില്ല. അവര്‍ നിസ്സംഗരാണ്, മഞ്ഞുപോലെ തണുത്തവരാണ്. എന്നാല്‍ തിരഞ്ഞെടുപ്പ് വരുമ്പോള്‍ അവര്‍ ഹിന്ദുത്വത്തെക്കുറിച്ച് സംസാരിക്കും” എന്‍സിപിയുടെ സഖ്യകക്ഷിയായ ഉദ്ധവ് വിഭാഗം ശിവസേനയ്ക്കെതിരെ ഒളിയമ്പുമായി റാം കദം ട്വീറ്റ് ചെയ്തു. ജനുവരി 22 ഡ്രൈഡേയായും വെജ് ഡേയായയും പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് റാം കദം മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെക്ക് കത്തയച്ചു.

പ്രസ്താവന വിവാദമായതിനു പിന്നാലെ വിശദീകരണവുമായി ജിതേന്ദ്ര അവാദ് രംഗത്തെത്തി. ”ഭഗവാന്‍ ശ്രീരാമന്‍ എന്താണ് കഴിച്ചത് എന്നു സംബന്ധിച്ച് എന്തിനാണ് വിവാദം? ഭഗവാന്‍ രാമന്‍ മേത്തി-ബജി (ഉലുവയില വറുത്തത്) കഴിച്ചിരുന്നുവെന്ന് ആരെങ്കിലും അവകാശപ്പെടും, അക്കാലത്ത് അരി ഉണ്ടായിരുന്നില്ല. രാമന്‍ ക്ഷത്രിയനായിരുന്നു, ക്ഷത്രിയര്‍ മാംസാഹാരികളാണ്. പറഞ്ഞതില്‍ ഞാന്‍ ഉറച്ചു നില്‍ക്കുന്നു. ഇന്ത്യയിലെ ജനസംഖ്യയുടെ 80% മാംസാഹാരികളാണ്, അവരും ശ്രീരാമന്റെ ഭക്തരാണ്” ജിതേന്ദ്ര ഔഹാദ് പറഞ്ഞു.

 

 

Back to top button
error: