IndiaNEWS

പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കേരളത്തില്‍, തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനം ചുറ്റി റോഡ് ഷോ

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിരുന്നില്‍ ക്രൈസ്തവ മതമേലധ്യക്ഷന്‍മാര്‍ പങ്കെടുത്തതിനെ ചൊല്ലിയുള്ള വിവാദം കത്തി പടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കേരളത്തിലെത്തും.

ഉച്ചയോടെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി തുടര്‍ന്ന് തൃശ്ശൂരിലേക്ക് പോകും. തേക്കിന്‍കാട് മൈതാനം ചുറ്റിയുള്ള റോഡ് ഷോയ്ക്ക് ശേഷം നടക്കുന്ന മഹിളാ സമ്മേളനത്തില്‍ മോദി സംസാരിക്കും.

ഇന്ന് തമിഴ്നാട്ടിലാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. ലോക്സഭ തെരഞ്ഞെടുപ്പിന് കാഹളം മുഴങ്ങിയിരിക്കെ, വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനായാണ് പ്രധാനമന്ത്രി തമിഴ്നാട്ടിലെത്തുന്നത്. റോഡ്‌ – റെയില്‍ -വ്യോമഗതാഗത മേഖലയിലായി 19,500 കോടി രൂപയുടെ വികസന പദ്ധതികള്‍ തമിഴ്‌നാട്ടിൽ മോദി ഉദ്ഘാടനം ചെയ്യും.അതേസമയം കേരളത്തിനായി ഒന്നും പ്രഖ്യാപിച്ചിട്ടില്ല.

തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ നിന്നാണ് പരിപാടികൾക്ക് തുടക്കം കുറിക്കുന്നത്. ജനുവരി 2ന് തിരുച്ചിറപ്പള്ളിയിലെത്തുന്ന പ്രധാനമന്ത്രി ഭാരതിദാസൻ സർവ്വകലാശാലയുടെ 38-ാമത് ബിരുദദാന ചടങ്ങിൽ പങ്കെടുക്കും. വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം ഉദ്ഘാടനം ചെയ്യുന്ന പ്രധാനമന്ത്രി, തമിഴ്നാട്ടിൽ മറ്റ് വികസന പ്രവർത്തനങ്ങൾക്കും തുടക്കം കുറിക്കും.

ശേഷം ലക്ഷദ്വീപിലേക്ക് പോകുന്ന പ്രധാനമന്ത്രി 1150 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്കാണ് അവിടെ തറക്കല്ലിടുന്നത്. മികച്ച ഇന്റർനെറ്റ് കണക്റ്റിവിറ്റി, ശുദ്ധമായ കുടിവെള്ള വിതരണം, സൗരോർജ്ജം, ആരോഗ്യ സംരക്ഷണം എന്നിവ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതികൾ ഇതിൽപ്പെടുന്നു

Back to top button
error: