മിടുമിടുക്കനായ കുഞ്ഞന്‍ റോബോട്ടുമായി എത്തുകയാണ് ഇലക്ട്രോണിക് രംഗത്തെ അതികായന്‍മാരായ എല്‍ജി. ഈ വര്‍ഷത്തെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഷോയില്‍ (സിഇഎസ് 2024) വെച്ച് എല്‍ജി പുതിയ സ്മാര്‍ട് ഹോം അസിസ്റ്റന്റ് അവതരിപ്പിക്കും.
ജോലിക്ക് പോകുന്നവര്‍ക്ക് വളരെ ഗുണപ്രദമായിരിക്കും ഇതിന്റെ ഉപയോഗം. സഞ്ചരിക്കാനും, പുതിയ കാര്യങ്ങള്‍ പഠിക്കാനും, ആളുകള്‍ പറയുന്നത് മനസിലാക്കാനും, എന്തിന് വീട്ടിലെ അരുമ മൃഗങ്ങളെ നിരീക്ഷിക്കാന്‍ വരെ ഈ സ്മാര്‍ട്ട് അസിസ്റ്റന്റിന് സാധിക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്.
സവിശേഷകതകള്‍
വീട്ടിലെവിടേയും സഞ്ചരിക്കാനായി കാലുകളും ചക്രങ്ങളും ഘടിപ്പിച്ചിട്ടുണ്ട്. വീട്ടിലെ എല്ലാ സ്മാര്‍ട്ട് ഉപകരണങ്ങളും ഈ റോബോട്ടുമായി ബന്ധിപ്പിച്ച് കൈകാര്യം ചെയ്യാം എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ക്വാല്‍കോം ടെക്നോളജീസിന്റെ ശക്തിയേറിയ പ്രൊസസറിലായിരിക്കും ഈ സ്മാര്‍ട്ട് അസിസ്റ്റന്റിന്റെ പ്രവര്‍ത്തനം.
നമ്മള്‍ വീട്ടിലില്ലാത്തപ്പോള്‍ വീടിനുള്ളിലെല്ലാം സഞ്ചരിക്കാന്‍ ഇതിന് സാധിക്കും. വീട്ടിലെ ജനല്‍ തുറന്നുകിടക്കുകയാണോ, ലൈറ്റുകള്‍ ഓഫ് ചെയ്തിട്ടുണ്ടോ എന്നുവേണ്ട ഒരു മനുഷ്യന്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും പരിശോധിക്കും. ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കാതെ ഓണ്‍ ആയിക്കിടക്കുന്നുണ്ടെങ്കില്‍ അതെല്ലാം ഓഫ് ചെയ്യും.
നാം വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ ഇത് നമ്മെ സ്വാഗതം ചെയ്യും. നമ്മുടെ മാനസികാവസ്ഥ തിരിച്ചറിഞ്ഞ് പാട്ടുകള്‍ കേള്‍പ്പിക്കാനും, ഊർജം പകരാനും ഇതിന് കഴിയും. കാലാവസ്ഥാ വിവരങ്ങള്‍, റിമൈന്ററുകള്‍ തുടങ്ങിയവയും അസിസ്റ്റന്റ് ചെയ്യും.
എന്തായാലും കുഞ്ഞന്‍ റോബോട്ടിലൂടെ സ്മാര്‍ട്ട് ഹോം ഉപകരണ രംഗത്ത് ശ്രദ്ധ നേടാനുള്ള ഒരുക്കത്തിലാണ് എല്‍ജി. ഈ സ്മാര്‍ട്ട് അസിസ്റ്റന്റിന്റെ കൂടുതല്‍ വിവരങ്ങള്‍ അവതരണ പരിപാടിയില്‍ പുറത്തുവിടുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. ലാസ് വെഗാസില്‍ ജനുവരി ഒമ്പതു മുതല്‍ 12 വരെയാണ് ഈ വര്‍ഷത്തെ സിഇഎസ് നടക്കുക. പരിപാടിയില്‍ എല്‍ജി ഉള്‍പ്പെടെ ലോകത്തെ മുന്‍നിര കമ്പനികള്‍ പങ്കെടുക്കുന്നുണ്ട്.