KeralaNEWS

പത്തനംതിട്ടയെ ഞെട്ടിച്ച കൊലപാതകം; തുമ്പ് കിട്ടാതെ പോലീസ്

പത്തനംതിട്ട: മൈലപ്രയിൽ പട്ടാപ്പകൽ വ്യാപാരിയെ കടയ്ക്കുള്ളില്‍ കൊലപ്പെടുത്തി സ്വര്‍ണമാലയും പണവും  അപഹരിച്ച കേസിൽ തുമ്പ് കണ്ടെത്താനാകാതെ പോലീസ്. മൈലപ്ര പുതുവേലില്‍ ജോര്‍ജ് ഉണ്ണൂണ്ണി (73) ആണ് മരിച്ചത്.

ജോർജ്ജിന്റെ കഴുത്തിലുണ്ടായിരുന്ന ആറു പവൻ സ്വര്‍ണമാലയും കടയിലുണ്ടായിരുന്ന പണവും മോഷണം പോയിട്ടുണ്ട്.കടയിൽ സിസിടിവി ഉണ്ടെങ്കിലും അതിന്റെ ഹാര്‍ഡ് ഡിസ്‌ക് കാണാനില്ല.ഇന്നലെ ഉച്ചയ്ക്ക് രണ്ടിനും ആറിനും ഇടയിലാണ് സംഭവം നടന്നതെന്ന് കരുതുന്നു.

Signature-ad

പലചരക്ക് സാധനങ്ങളും കാര്‍ഷികോത്പന്നങ്ങളും വില്‍പന നടത്തുന്ന ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ള മൈലപ്ര പോസ്റ്റ് ഓഫീസ് ജംഗ്ഷനിലെ പുതുവേലില്‍ സ്റ്റോഴ്സിലാണ് കൊലപാതകം നടന്നത്.വൈകിട്ട് അഞ്ചരയോടെ ജോര്‍ജിനെ വീട്ടിലേക്ക് കൊണ്ടുപോകാൻ പേരക്കുട്ടി എത്തിയപ്പോഴാണ് കൈകാലുകള്‍ ബന്ധിച്ച്‌ വായില്‍ തുണി തിരുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയെന്നാണ് പത്തനംതിട്ട പോലീസിന്റെ പ്രാഥമിക നിഗമനം.

പുനലൂര്‍-മൂവാറ്റുപുഴ റോഡില്‍ ജോര്‍ജിന്റെ സ്വന്തം കെട്ടിടത്തിലാണ് കട. ഉച്ചവെയിലില്‍ നിന്ന് മറയായി കടയുടെ മുന്നില്‍ പ്ലാസ്റ്റിക് ഷീറ്റ് കെട്ടിയിരുന്നു.ഇതുമൂലം കടയിലുണ്ടായിരുന്നവരെ പുറത്തുനിന്നുള്ളവര്‍ക്ക് പെട്ടെന്ന് തിരിച്ചറിയാൻ കഴിയില്ലെന്ന് മനസ്സിലാക്കിയാണ് കവര്‍ച്ചസംഘം ഈ‌ നേരത്ത് എത്തിയതെന്നാണ് കരുതുന്നത്.

Back to top button
error: