IndiaNEWS

ഉടനീളം ദുരൂഹത: വീടിനുള്ളില്‍ കുടുംബത്തിലെ അഞ്ചംഗങ്ങളുടെ അസ്ഥികൂടങ്ങള്‍ കണ്ടെത്തി; മരിച്ചിട്ട് വര്‍ഷങ്ങളായിട്ടും അയല്‍ക്കാര്‍ പോലും അറിയാതിരുന്നതില്‍ ഞെട്ടി അന്വേഷണ സംഘം

    കര്‍ണാടകയിലെ ചിത്രദുര്‍ഗയിലെ ജീര്‍ണിച്ച ഒരു വീട്ടിനുള്ളില്‍ അഞ്ചംഗ കുടുംബത്തിന്റെ അസ്ഥികൂടങ്ങള്‍ കണ്ടെത്തി. മുന്‍ പി ഡബ്ലു ഡി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ജഗന്നാഥ് റെഡ്ഡി (80), ഭാര്യ പ്രേമക്ക (72), മക്കളായ ത്രിവേണി (55), നരേന്ദ്ര (53) കൃഷ്ണ (51) എന്നിവരാണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു.

2019 മുതൽ അടഞ്ഞുകിടക്കുന്ന വീട്ടിൽ അഞ്ചു പേർ മരിച്ചിട്ടും അയൽവാസികളോ ബന്ധുക്കളോ വിവരമറിഞ്ഞില്ല. ടൗണിനോടു ചേർന്നാണ് ഇവരുടെ വീട്. എന്നിട്ടു പോലും വിവരം പുറത്തറിയാൻ വൈകി എന്നത്  പൊലീസിനെ കുഴപ്പിക്കുന്നു. സാമ്പത്തികമായി മികച്ച നിലയിലായിരുന്നു ഈ കുടുംബമെന്നാണ് അയൽവാസികളും ബന്ധുക്കളും നൽകുന്ന വിവരം. വീട്ടിൽനിന്ന് കന്നഡയിലുള്ള ഒരു കുറിപ്പ് കണ്ടെടുത്തിട്ടുണ്ടെന്ന് പൊലീസ് വെളിപ്പെടുത്തി. പക്ഷേ അതിൽ തീയതിയോ ഒപ്പോ ഇല്ല.

Signature-ad

2019ലെ കലണ്ടറും അവസാനം അടച്ച വൈദ്യുതി ബില്ലും മറ്റും വീട്ടില്‍ നിന്നും ലഭിച്ചതോടെയാണ് മരണം നടന്നത് ആ വര്‍ഷമാണെന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്. ബില്‍ അടക്കാത്തതിനാല്‍ പിന്നീട് വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഫോറന്‍സിക് പരിശോധനയില്‍ മാത്രമേ മരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരൂവെന്നും പൊലീസ് പറഞ്ഞു.

ഒരു കുടുംബത്തിലെ എല്ലാവരും മരിച്ച് വര്‍ഷങ്ങളായിട്ടും അയല്‍ക്കാര്‍ പോലും സംഭവം അറിയാതിരുന്നത് അന്വേഷണ സംഘത്തെ ഞെട്ടിക്കുന്നു. കഴിഞ്ഞ ദിവസം മദ്യലഹരിയില്‍ ഇവിടെയെത്തിയ അയല്‍വാസി ഇവരുടെ വീട്ടിൽ തലയോട്ടി കിടക്കുന്നതു കണ്ട് നിലവിളിച്ചോടി.  അതോടെയാണു കൂട്ടമരണം പുറംലോകം അറിഞ്ഞത്.  തുടര്‍ന്ന് ഇയാൾ പത്രലേഖകനെ  വിവരം അറിയിക്കുകയും അതേ തുടർന്ന് പൊലീസെത്തി നടത്തിയ പരിശോധനയിൽ അഞ്ച് മൃതദേഹാവശിഷ്ടങ്ങള്‍  കണ്ടെടുക്കുകയുമായിരുന്നു.

മൃതദേഹങ്ങള്‍ ഒരേ മുറിയിലാണ് കണ്ടെത്തിയത്. രണ്ടുപേരുടേത് ബെഡിലും മറ്റുള്ളവരുടേത് തറയിലുമാണ് കിടന്നിരുന്നത്. സാധനങ്ങള്‍ വാങ്ങാന്‍ വല്ലപ്പോഴും ജഗന്നാഥ റെഡ്ഡി പുറത്തിറങ്ങുന്നതൊഴിച്ചാല്‍ മറ്റാരും വീടിന് പുറത്തിറങ്ങാറില്ലായിരുന്നു എന്ന് അയല്‍ക്കാര്‍ പറയുന്നു. മറ്റുള്ളവരുമായി ഇവര്‍ക്ക് ഒരു ബന്ധവും ഉണ്ടായിരുന്നില്ല.

മരണകാരണം കണ്ടെത്താനായിട്ടില്ല എങ്കിലും ആത്മഹത്യയോ കൊലപാതകമോ ആകാമെന്നാണ് പൊലീസ് പറയുന്നത്. ജഗന്നാഥിന് ഭാര്യയുടെ ചികിത്സക്കായി ലക്ഷങ്ങള്‍ ചിലവിടേണ്ടി വന്നിരുന്നു. ഇവരുടെ മറ്റൊരു മകനായ മഞ്ജുനാഥ് 2014ല്‍ മരിച്ചിരുന്നു. മറ്റു മൂന്ന് മക്കളും വിവാഹം കഴിച്ചിരുന്നില്ല. മരിച്ച അഞ്ച് പേര്‍ക്കും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവത്രേ. മറ്റുള്ളവരുമായി വല്ലപ്പോഴും സംസാരിച്ചിരുന്നത് ജനല്‍ വഴിയായിരുന്നുവെന്ന് അയല്‍ക്കാര്‍ പറയുന്നു. 2019 ജൂലൈ മുതല്‍ വീട് പൂട്ടിയ നിലയിലായിരുന്നു.

കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിൽ പ്രധാനപ്പെട്ട രണ്ടു പേരേക്കുറിച്ച് സൂചനകളുണ്ടെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ഇതിൽ ഒരാൾ ചിത്രദുർഗ സ്വദേശിയും രണ്ടാമൻ സമീപ ഗ്രാമത്തിൽ നിന്നുള്ള ആളുമാണ്. ഇവരുടെ വിശദാംശങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ദീർഘനാളായി ഈ രണ്ടു വ്യക്തികൾ കുടുംബത്തെ ദ്രോഹിക്കുകയാണെന്ന് കുറിപ്പിൽ ആരോപണമുണ്ടെന്നാണ് വിവരം. ഭൂമി ഇടപാടുമായി ബന്ധപ്പെട്ടാണ് ഇതെന്നാണ് വിവരം.

Back to top button
error: