CrimeNEWS

ഖലിസ്ഥാന്‍ ഭീകരന്റെ കൊലപാതകം; 2 പ്രതികള്‍ ഉടന്‍ കുടുങ്ങുമെന്ന് കാനഡ

ഓട്ടവ: ഖലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജാറിനെ കൊലപ്പെടുത്തിയ കേസില്‍ 2 പേര്‍ ഉടന്‍ അറസ്റ്റിലാവുമെന്ന് കനേഡിയന്‍ പൊലീസ് വ്യക്തമാക്കി. പ്രതികള്‍ നിരീക്ഷണത്തിലാണെന്നും പൊലീസ് പറഞ്ഞു. പ്രതികളെ അറസ്റ്റ് ചെയ്തതിനു ശേഷം ഇവര്‍ക്ക് ഇന്ത്യന്‍ സര്‍ക്കാരുമായുള്ള ബന്ധം പുറത്തുവിടുമെന്നും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്ത ‘ദ് ഗ്ലോബ് ആന്‍ഡ് ഡെയ്?ലി മെയില്‍’ പത്രം പറയുന്നു.

ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സിന്റെ (കെടിഎഫ്) കാനഡയിലെ തലവനായ ഹര്‍ദീപ് സിങ് നിജ്ജാര്‍ കഴിഞ്ഞ ജൂണ്‍ 18ന് യുഎസ് കാനഡ അതിര്‍ത്തിയിലെ സറെ നഗരത്തിലാണ് അജ്ഞാതരുടെ വെടിയേറ്റു മരിച്ചത്. ഇന്ത്യ 10 ലക്ഷം രൂപ വിലയിടുകയും പിടികിട്ടാപ്പുള്ളികളായ 40 ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്ത വ്യക്തിയാണു ഹര്‍ദീപ്.

Signature-ad

എന്നാല്‍, കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് സെപ്റ്റംബറില്‍ 18ന് കനേഡിയന്‍ പാര്‍ലമെന്റില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചതിനെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ട്രൂഡോയുടെ ആരോപണം അസംബന്ധം എന്നു പറഞ്ഞ് ഇന്ത്യ തള്ളിയിരുന്നു.

ഇതിനിടെ നവംബറില്‍ സിഖ് വിഘടനവാദി നേതാവ് ഗുര്‍പട്വന്ത് സിങ് പന്നുവിനെ വധിക്കാന്‍ യുഎസില്‍ ശ്രമം നടന്നു. ഈ കേസിലെ പ്രതി നിഖില്‍ ഗുപ്തയ്‌ക്കെതിരെ യുഎസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഇന്ത്യക്കാരനായ സുരക്ഷാ ഉദ്യോഗസ്ഥന്റെ പങ്ക് ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടെ താന്‍ പറഞ്ഞത് ശരിയാണെന്നു തെളിഞ്ഞുവെന്ന് ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. ഇതേസമയം, ഇത്തരം കൊലപാതകം ഇന്ത്യയുടെ നയമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു.

Back to top button
error: