SportsTRENDING

മോഹൻ ബഗാനെയും തകർത്തു;ഒന്നാം സ്ഥാനം തിരിച്ചു പിടിച്ച് കേരള ബ്ലാസ്റ്റേഴ്സ്

കൊൽക്കത്ത: ഐഎസ്‌എൽ പത്താം സീസണിലെ തങ്ങളുടെ 12-ാം മത്സരത്തിൽ കരുത്തരായ കൊൽക്കത്ത മോഹൻ ബഗാനെ 1-0 ന് കീഴടക്കി  വീണ്ടും ഐഎസ്‌എല്ലിൽ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ച് കേരള ബ്ലാസ്റ്റേഴ്സ്.

കളിയുടെ പത്താം മിനിറ്റിൽ ദിമിത്രിയോസ് നേടിയ ഒരു ഗോളിനായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം.

ആദ്യ ഏഴ് മത്സരങ്ങളില്‍ തോല്‍വി അറിയാതെ മുന്നേറിയിരുന്ന ബഗാന് ഇതോടെ തുടർച്ചയായ മൂന്നു കളികളിലാണ് കാലിടറിയത്. മുംബൈയോട് എവേഗ്രൗണ്ടിലും സ്വന്തം തട്ടകത്തില്‍ ഗോവയോടും ഇപ്പോൾ ബ്ലാസ്റ്റേഴ്സിനോടുമാണ് അവർ ഹാട്രിക് തോൽവി ഏറ്റുവാങ്ങിയത്.

ഇതുവരെ മുഖാമുഖം വന്ന ഏഴ് മത്സരങ്ങളിൽ അഞ്ചിലും ജയിച്ചെന്ന റെക്കോര്‍ഡ് ഇപ്പോഴും ബഗാനുണ്ട്. ഒരു മത്സരം സമനിലയിലും ഒരു വിജയവും  മാത്രമാണ് ബ്ലാസ്റ്റേഴ്സിന് ആശ്വസിക്കാനുള്ളത്. ബഗാന്‍ 17 ഗോളടിച്ചപ്പോള്‍, ബ്ലാസ്റ്റേഴ്സിന് വലയിലെത്തിക്കാനായത് 10 എണ്ണം മാത്രം.

അതേസമയം ഇന്നത്തെ വിജയത്തോടെ 12 കളികളിൽ നിന്ന് 26 പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും ഐഎസ്‌എൽ പത്താം സീസണിൽ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചിരിക്കുകയാണ്.23 പോയിന്റുള്ള ഗോവയാണ് രണ്ടാം സ്ഥാനത്ത്.മോഹൻ ബഗാനെയും മുംബൈയേയും പിന്തള്ളി ഒഡീഷ മൂന്നാം സ്ഥാനത്തുമുണ്ട്.

ഇന്നലെ നടന്ന മത്സരത്തിൽ പഞ്ചാബിനെ 1-0 ന് കീഴടക്കിയാണ് ഒഡീഷ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നത്.

Back to top button
error: