LIFEMovie

‘കിംഗ് ഓഫ് കൊത്ത’യെ മലര്‍ത്തിയടിച്ച് മോഹന്‍ലാലി​ന്റെ നേര്, അതും വെറും ആറ് ദിവസംകൊണ്ട്! നേരിന് ഇനി മറികടക്കാനുള്ളത് 4 സിനിമകളെ

 

ഒരു മോഹൻലാൽ ചിത്രത്തിന് പോസിറ്റീവ് അഭിപ്രായം വന്നാൽ ബോക്സ് ഓഫീസിൽ അതുണ്ടാക്കാറുള്ള കളക്ഷനെക്കുറിച്ച് തിയറ്റർ വ്യവസായത്തിന് ബോധ്യമുള്ളതാണ്. ഒരിടവേളയ്ക്ക് ശേഷം തിയറ്ററുകളിൽ ഒരു മോഹൻലാൽ ചിത്രം പ്രേക്ഷകസ്വീകാര്യത നേടിയത് ജീത്തു ജോസഫ് ചിത്രം നേരിലൂടെയാണ്. ക്രിസ്മസ് റിലീസ് ആയി ഡിസംബര് 21, വ്യാഴാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം പ്രതീക്ഷിച്ചതുപോലെ കളക്ഷനിൽ അത്ഭുതം കാട്ടുകയാണ്. വെറും 6 ദിനങ്ങൾ കൊണ്ടുതന്നെ മലയാളത്തിൽ ഈ വർഷത്തെ റിലീസുകളിൽ ഏറ്റവും മികച്ച അഞ്ച് വിജയങ്ങളുടെ ലിസ്റ്റിൽ ഇടംപിടിച്ചുകഴിഞ്ഞു ഈ സിനിമ.

2023 ലെ മലയാളം സിനിമകളുടെ കേരളത്തിലെ കളക്ഷനിലാണ് നേര് നിലവിൽ അഞ്ചാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. ദുൽഖർ സൽമാൻ നായകനായ അഭിലാഷ് ജോഷി ചിത്രം കിം​ഗ് ഓഫ് കൊത്തയെ മറികടന്നാണ് ഈ നേട്ടം. ആറ് ദിവസം കൊണ്ട് കേരളത്തിൽ നിന്ന് മാത്രം ചിത്രം നേടിയത് 18.85 കോടിയാണെന്നാണ് പ്രമുഖ ട്രാക്കർമാർ അറിയിക്കുന്നത്. റിലീസ് ദിനമായിരുന്ന വ്യാഴാഴ്ച കേരളത്തിൽ നിന്ന് 2.75 കോടി നേടിയ ചിത്രത്തിൻറെ ഏറ്റവും ഉയർന്ന കളക്ഷൻ ക്രിസ്മസ് ദിനമായ തിങ്കളാഴ്ച ആയിരുന്നു. 4.03 കോടിയാണ് അന്നേ ദിവസം ചിത്രം കേരളത്തിൽ നിന്ന് നേടിയത്.

ഈ വർഷത്തെ മലയാളം റിലീസുകളിൽ‌ കേരളത്തിലെ കളക്ഷനിൽ ഒന്നാം സ്ഥാനത്ത് പ്രളയം പശ്ചാത്തലമാക്കിയ 2018 ആണ്. രണ്ടാം സ്ഥാനത്ത് ഓണം റിലീസ് ആയി എത്തിയ ആർ‌ഡിഎക്സും മൂന്നാം സ്ഥാനത്ത് മമ്മൂട്ടി നായകനായ കണ്ണൂർ സ്ക്വാഡും. നാലാം സ്ഥാനത്ത് സർപ്രൈസ് ഹിറ്റായി മാറിയ രോമാഞ്ചമാണ്. അഞ്ചാമതാണ് നേര്. ആദ്യ വാരം പിന്നിടാൻ ഒരുങ്ങുന്നതേയുള്ളൂ എന്നതിനാൽ ചിത്രത്തിൻറെ ഫൈനൽ കേരള ​ഗ്രോസ് എത്രയെന്നത് ഇപ്പോൾ പ്രവചിക്കുക അസാധ്യമാണ്.

Back to top button
error: