KeralaNEWS

”അസഹിഷ്ണുതയാണ് മുഖ്യമന്ത്രിയുടെ മുഖമുദ്ര; ഓഫിസ് നിയന്ത്രിക്കുന്നത് ഉപജാപക സംഘം”

തിരുവനന്തപുരം: അസഹിഷ്ണുതയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖമുദ്രയെന്നും, മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിക്കുന്നത് ഉപജാപക സംഘമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. നവകേരള സദസ് നടത്തി ഭരണപക്ഷം അപഹാസ്യരായി. നാട്ടുകാരുടെ ചെലവില്‍ തിരഞ്ഞെടുപ്പു പ്രചാരണം നടത്തി തിരിച്ചു വന്നിരിക്കുകയാണ്. ജനങ്ങള്‍ നല്‍കിയ നികുതിപ്പണം ഉപയോഗിച്ചാണ് ഈ പരിപാടി നടത്തിയത്. മുഖ്യമന്ത്രിയുടെ യാത്ര ഗുണ്ടകളുടെ അകമ്പടിയോടെയാണെന്നും വി.ഡി.സതീശന്‍ പറഞ്ഞു.

അസഹിഷ്ണുതയാണ് മുഖ്യമന്ത്രിയുടെ മുഖമുദ്ര. രാഷ്ട്രീയ പാരമ്പര്യവും അനുഭവ ജ്ഞാനവുമുള്ള ഒരാള്‍ അധികാര സ്ഥാനത്തിരുന്ന് ഇത്തരത്തില്‍ പെരുമാറില്ല. മുഖ്യമന്ത്രിയുടെ ഓഫിസ് നിയന്ത്രിക്കുന്നത് ഒരു ഉപജാപക സംഘമാണ്. അവരുടെ സമനില തെറ്റിയിരിക്കുകയാണ്. അവരുടെ ധാര്‍ഷ്ട്യവും ധിക്കാരവുമാണ് കേരളത്തെ ഈ നിലയില്‍ കലാപ ഭൂമിയാക്കി മാറ്റിയത്. പ്രതിഷേധിച്ച കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരെയും പിന്നീട് വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയും പൊലീസ് കേസെടുത്തു. വിമര്‍ശിക്കുന്ന എല്ലാവരേയും ഭയപ്പെടുത്താന്‍ നോക്കുകയാണ് – സതീശന്‍ പറഞ്ഞു.

44 ദിവസം നവകേരള സദസ് നടത്തി പാവപ്പെട്ടവന്റെ കണ്ണീരു തുടയ്ക്കാന്‍ പോലും കഴിയാതെ ഭരണപക്ഷം അപഹാസ്യരായിരിക്കുകയാണ്. നാട്ടുകാരുടെ ചെലവില്‍ തിരഞ്ഞെടുപ്പു പ്രചാരണം നടത്തി തിരിച്ചു വന്നിരിക്കുകയാണ്. എല്ലാ വേദിയിലും പ്രതിപക്ഷത്തെ രൂക്ഷമായി ആക്രമിച്ചു. ഞങ്ങള്‍ കൂടി നല്‍കിയ നികുതി ഉപയോഗിച്ചാണ് ഈ പരിപാടി നടത്തിയത്. നാട്ടിലെ ഉദ്യോഗസ്ഥരേക്കൊണ്ട് സര്‍ക്കാര്‍ കള്ളപിരിവ് നടത്തിയെന്നും വി.ഡി.സതീശന്‍ ആരോപിച്ചു.

Signature-ad

ബിജെപിയുടെ സ്‌നേഹയാത്രയേയും പ്രതിപക്ഷ നേതാവ് രൂക്ഷമായി വിമര്‍ശിച്ചു. ”ക്രൈസ്തവര്‍ക്കെതിരെ രാജ്യത്തെ ഏറ്റവും വലിയ ആക്രമണം നടന്ന വര്‍ഷമാണ് കടന്നുപോകുന്നത്. നവംബര്‍ 30 വരെ 680 ക്രൈസ്തവരെയാണ് ആക്രമിച്ചിട്ടുള്ളത്. മണിപ്പുരില്‍ സംഘപരിവാര്‍ കത്തിച്ചത് 254 പള്ളികളാണ്. ദിവസം 2 ക്രൈസ്തവര്‍ക്ക് നേരെ ആക്രമണമുണ്ടാകുന്നു. ഇതെല്ലാം കഴിഞ്ഞിട്ടാണ് പ്രധാനമന്ത്രി അവരെ ക്ഷണിക്കുന്നത്” -സതീശന്‍ പറഞ്ഞു.

Back to top button
error: