CrimeNEWS

തൊഴില്‍ വിസ വാഗ്ദാനം ചെയ്ത് 1.9 കോടി തട്ടി; ദമ്പതിമാര്‍ പിടിയില്‍

കൊച്ചി: യു.കെ, സിങ്കപ്പൂര്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലേക്ക് വിവിധ ജോലികള്‍ക്ക് വിസയുണ്ടെന്ന് വാഗ്ദാനം ചെയ്ത് 1.9 കോടി രൂപ തട്ടിയ ദമ്പതിമാര്‍ അറസ്റ്റില്‍. കലൂര്‍ അശോക റോഡില്‍ ടാലെന്റിവിസ് എച്ച്.ആര്‍. കണ്‍സള്‍ട്ടന്‍സി റിക്രൂട്ട്‌മെന്റ് സ്ഥാപനം നടത്തിയിരുന്ന, കൊല്ലം ഈസ്റ്റ് കല്ലട മണിവീണയില്‍ ചിഞ്ചു എസ്. രാജ് (45), കൊടുങ്ങല്ലൂര്‍ ശൃംഗപുരം വക്കേക്കാട്ടില്‍ അനീഷ് (45) എന്നിവരെയാണ് നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്.

ഡിജിറ്റല്‍ മാര്‍ക്കറ്റിങ് സൈറ്റ് വഴി പരസ്യം ചെയ്താണ് പ്രതികള്‍ തട്ടിപ്പ് നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. സമയപരിധി കഴിഞ്ഞിട്ടും വിസ നല്‍കാതെ വന്നതിനെത്തുടര്‍ന്ന് ഉദ്യോഗാര്‍ഥികളെത്തി ബഹളം വെച്ചിരുന്നു. പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ 30 പേര്‍ക്ക് സിങ്കപ്പൂരിലേക്കുള്ള വ്യാജ വിസയും വിമാനടിക്കറ്റും വാട്‌സാപ്പ് വഴി നല്‍കി. പ്രതികള്‍ അയച്ചുനല്‍കിയ വിമാന ടിക്കറ്റ് പരിശോധിച്ചപ്പോള്‍ അവ റദ്ദാക്കിയതാണെന്ന് മനസ്സിലാക്കി. ഇക്കാര്യം ചോദിച്ചപ്പോള്‍ തന്നത് ഡമ്മി ടിക്കറ്റാണെന്നും വിമാനത്താവളത്തിലെത്തിയാല്‍ യാത്ര ചെയ്യാന്‍ കഴിയുമെന്നുമറിയിച്ചു. ബാഗ് പായ്ക്ക് ചെയ്ത് വിദേശത്തേക്ക് കടക്കാനുള്ള ഒരുക്കത്തിനിടെയാണ് പ്രതികള്‍ കുടുങ്ങിയത്.

Signature-ad

ഇവര്‍ ബിനില്‍കുമാര്‍ എന്നയാള്‍ മുഖേനയാണ് ഉദ്യോഗാര്‍ഥികളില്‍ നിന്ന് പണം വാങ്ങിയെടുത്തത്.

പ്രതികള്‍ നല്‍കിയ ഉറപ്പില്‍ ഉദ്യോഗാര്‍ഥികളില്‍ നിന്ന് പണം വാങ്ങിക്കൊടുത്ത പെരുമ്പാവൂര്‍ സ്വദേശിയായ ഏജന്റ് ബിനില്‍കുമാര്‍ തന്നെയാണ് തട്ടിപ്പ് സംശയിച്ച് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് രാജ്യംവിടാന്‍ ഒരുങ്ങുകയായിരുന്ന പ്രതികളെ പോലീസ് പിടികൂടിയത്. പാസ്‌പോര്‍ട്ടുകള്‍, വിവിധ തരത്തിലുള്ള സീലുകള്‍ എന്നിവയും പിടിച്ചെടുത്തു.

Back to top button
error: