ഓക്ടോബര്‍ എട്ടിന് മുംബൈ തട്ടകത്തിലുണ്ടായ തോല്‍വിക്ക്(2-1) ക്രിസ്മസ് തലേന്ന് കൊച്ചിയില്‍ മറുപടി(2-0) നൽകിയായിരുന്നു ആരേധകർക്ക് ബ്ലാസ്‌റ്റേഴ്‌സ് ഗംഭീര ക്രിസ്തുമസ് വിരുന്നൊരുക്കിയത്.
മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് കൊമ്ബൻമാരുടെ ജയം. ദിമിത്രിയോസ് ഡയമന്റകോസും ക്വാമി പെപ്രയുമാണ് ബ്ലാസ്‌റ്റേഴ്‌സിനായി വലകുലുക്കിയത്. ജയത്തോടെ 11 മത്സരങ്ങളില്‍ നിന്ന് 23 പോയിന്റുമായി പോയിന്റ് പട്ടികയില്‍ രണ്ടാമതാണ് ബ്ലാസ്റ്റേഴ്‌സ്. 9 മത്സരങ്ങളില്‍ നിന്ന് 23 പോയിന്റുള്ള ഗോവയാണ് ഒന്നാമത്.
മത്സരത്തിന്റെ ആദ്യപകുതിയിലാണ് ഇരുഗോളുകളും പിറന്നത്. 11-ാം മിനിറ്റില്‍ ക്വാമി പെപ്രയുടെ അസിസ്റ്റില്‍ ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമന്റകോസ് ബ്ലാസ്റ്റേഴ്‌സിനായി വലകുലുക്കി. ഇടതുവിങ്ങിലൂടെ പെപ്ര നടത്തിയ മുന്നേറ്റത്തിനൊടുവില്‍ മനോഹരമായ ഫസ്റ്റ് ടച്ചിലൂടെയാണ് ഡിമി വലകുലുക്കിയത്. സീസണില്‍ താരം നേടുന്ന ആറാം ഗോളാണിത്. ഇൻജ്വറി ടൈമില്‍ ഡിമിയുടെ അസിസ്റ്റില്‍ പെപ്രയും വലകുലുക്കിയതോടെ ആദ്യ പകുതിയില്‍ രണ്ട് ഗോളിന് കൊമ്ബൻമാര്‍ മുന്നിട്ട് നിന്നു.
രണ്ടാം പകുതിയിലും ബ്ലാസ്റ്റേഴ്‌സ് മുംബൈക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തി. പെപ്രയായിരുന്നു ബ്ലാസ്റ്റേഴ്‌സ് നിരയിലെ അപകടകാരി. പക്ഷേ രണ്ടാം പകുതിയില്‍ ഗോള്‍ കണ്ടെത്താൻ ബാസ്‌റ്റേഴ്‌സിനായില്ല. കൊമ്ബൻമാര്‍ക്കെതിരെ സമനില പിടിക്കാൻ മുംബൈ കിണഞ്ഞ് ശ്രമിച്ചെങ്കിലും ബ്ലാസ്റ്റേഴ്സ് പ്രതിരോധം കുലുങ്ങിയില്ല. സീസണിലെ മുംബൈയുടെ ആദ്യ തോല്‍വിയാണിത്.