ദേശീയതയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് ആഗ്രഹമെന്ന് ബി ജെ പിയില്‍ ചേര്‍ന്നതിന് പിന്നാലെ മേജര്‍ രവി പ്രതികരിച്ചു. നേരത്തേ തന്നെ ബി ജെ പിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു മേജര്‍ രവി. എന്നാല്‍ അദ്ദേഹം ബി ജെ പിയില്‍ ഔദ്യോഗികമായി അംഗത്വം എടുത്തിരുന്നില്ല. ബി ജെ പി സംസ്ഥാന നേതൃത്വത്തിനെതിരെ നിരന്തരം വിമര്‍ശനം ഉന്നയിക്കുന്ന മേജര്‍ രവി 2021 ല്‍ കോണ്‍ഗ്രസ് പരിപാടിയില്‍ എത്തിയതോടെ അദ്ദേഹം ബി ജെ പി ബന്ധം ഉപേക്ഷിച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.
അതേസമയം ചലച്ചിത്ര സംവിധായകനും നടനും റിട്ടയേര്‍ഡ് മേജറുമായ മേജര്‍ രവിയും കണ്ണൂരിലെ പ്രമുഖ കോണ്‍ഗ്രസ്സ് നേതാവായ സി രഘുനാഥും ബി ജെ പിയില്‍ ചേര്‍ന്നെന്നും വരും ദിവസങ്ങളില്‍ കൂടുതൽ പേർ പാര്‍ട്ടിയില്‍ ചേരാൻ സന്നദ്ധരാവുമെന്നും സംസ്ഥാന ബിജെപി അധ്യക്ഷനായ കെ.സുരേന്ദ്രൻ പ്രതികരിച്ചു.