ബ്ലാസ്റ്റേഴ്സ് സീസണിലെ ആദ്യ തോല്‍വി നേരിട്ടത് മുംബൈ സിറ്റിക്കെതിരെ അവരുടെ തട്ടകത്തിലാണ്. ഇന്നത്തെ കളിയില്‍ ജയിച്ച് മുംബൈയോട് കണക്കുതീര്‍ക്കാനാണ് മഞ്ഞപ്പടയുടെ പുറപ്പാട്. ഒക്ടോബര്‍ എട്ടിന് മുംബൈയില്‍ നടന്ന മത്സരത്തില്‍ 2-1നാണ് ബ്ലാസ്‌റ്റേഴ്‌സ് മുംബൈയോട് പരാജയപ്പെട്ടത്. അന്ന് മിലോസ് ഡ്രിന്‍സിച്ച് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്താകയും, കയ്യാങ്കളി നടത്തിയ കുറ്റത്തിന് പ്രബീര്‍ദാസ് സസ്പെന്‍ഷന്‍ നേരിടുകയും ചെയ്തിരുന്നു.
25 ദിവസത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ബ്ലാസ്‌റ്റേഴ്‌സ് കലൂര്‍ സ്‌റ്റേഡിയത്തില്‍ കളിക്കിറങ്ങുന്നത്.സീസണിലെ ഹോം മത്സരത്തില്‍ ഒരു മത്സരത്തില്‍ പോലും ബ്ലാസ്‌റ്റേഴ്‌സ് ഇതുവരെ തോറ്റിട്ടില്ല. കഴിഞ്ഞ 29ന് ചെന്നൈയിന്‍ എഫ്‌സിക്കെതിരെയാണ് ഇവിടെ നടന്ന അവസാന മത്സരം. അത് 3-3 സമനിലയില്‍ കലാശിച്ചു. ജയത്തോടെ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാമെന്നാണ് ബ്ലാസ്റ്റേഴ്‌സ് പ്രതീക്ഷ. നിലവില്‍ 10 മത്സരങ്ങളില്‍ നിന്ന് ആറ് ജയവും രണ്ട് വീതം സമനിലയും തോല്‍വിയുമായി 20 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് രണ്ടാം സ്ഥാനത്താണ്.അതേസമയം സീസണില്‍ ഇതുവരെ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് മുംബൈയുടെ കുതിപ്പ്.
റഫറിയിങിനെ വിമര്‍ശിച്ച കുറ്റത്തിന് സസ്പെന്‍ഷന്‍ നേരിട്ട പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചും നാല് മഞ്ഞക്കാര്‍ഡിനെത്തുടര്‍ന്ന് ഒരു മത്സര വിലക്ക് നേരിട്ട ഡാനിഷ് ഫാറൂഖും ഇന്ന് കളത്തില്‍ തിരിച്ചെത്തും. സീസണില്‍ മികച്ച പ്രകടനമാണ് ഡാനിഷിന്റേത്.
പരിക്കേറ്റ ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണയുടെ അസാന്നിധ്യമാണ് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാകുന്നത്. ലൂണയുടെ അഭാവത്തില്‍ ലെസ്‌കോവിച്ചായിരിക്കും ടീമിനെ നയിക്കുക. പരിക്ക് ഗുരുതരമായതിനാല്‍ ലൂണയ്‌ക്ക് ഈ സീസണ്‍ നഷ്ടമാവുമെന്ന് പരിശീലകന്‍ ഇവാന്‍ വുക്കോമാനോവിച്ച് പത്രസമ്മേളനത്തില്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം ഏഴ് ചുവപ്പ് കാര്‍ഡ് കണ്ട കയ്യാങ്കളി മത്സരത്തില്‍ 2-1 ന് മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റിനെ കീഴടക്കിയാണ് മുംബൈ സിറ്റിയുടെ വരവ്. ആകാശ് മിശ്ര, ഗ്രെഗ് സ്റ്റുവാര്‍ട്ട്, വിക്രം പ്രതാപ് സിങ്, രാഹുല്‍ ബേക്കെ എന്നിവര്‍ മുംബൈ നിരയിൽ ചുവപ്പ് കാര്‍ഡ് കണ്ടിരുന്നു. പ്രധാന താരങ്ങളുടെ അഭാവം മുംബൈക്ക് തിരിച്ചടിയാവും.ഈ അവസരം മുതലെടുക്കാനായിരിക്കും ഹോം ഗ്രൗണ്ടിൽ ബ്ലാസ്റ്റേഴ്സ് ശ്രമം.