റിയാദ്: പുതിയ വർഷത്തെ ഹജ്ജ് സീസണിൽ കൂടുതൽ തീർഥാടകർക്ക് താമസസൗകര്യം ഒരുക്കുന്നതിനായി മിനയിൽ 12 പുതിയ റെസിഡൻഷ്യൽ ടവറുകൾ നിർമിക്കുന്നു. മശാഇർ റോയൽ കമീഷനാണ് ടവറുകളുടെ നിർമാണത്തിന് മേൽനോട്ടം വഹിക്കുന്നത്. അടുത്ത ഏതാനും വർഷങ്ങളിൽ തീർഥാടകരുടെ എണ്ണത്തിൽ പ്രതീക്ഷിക്കുന്ന വർധനയുടെ വെളിച്ചത്തിലാണിത്. ഈ വർഷം ഹജ്ജ് വേളയിൽ ഇത് പ്രയോജനപ്പെടുത്താനാണ് പദ്ധതി.
സമയബന്ധിതമായി തീർഥാടകർക്ക് പോകാനും വരാനുമുള്ള സൗകര്യം, സുരക്ഷ എന്നിവക്കാവശ്യമായ അടിസ്ഥാന സംവിധാനങ്ങളും നൂതന സാങ്കേതിക സൗകര്യങ്ങളും ഈ കെട്ടിടങ്ങളെ വേറിട്ടതാക്കും. നിരവധി തീർഥാടകരെ ഉൾക്കൊള്ളുേമ്പാൾ വേണ്ട എല്ലാ സുരക്ഷാ നിബന്ധനകളും കണക്കിലെടുത്ത് ആധുനിക എൻജിനീയറിങ് ഡിസൈനുകളിലാണ് ഇവ നിർമിക്കുന്നത്. റെസിഡൻഷ്യൽ ടവറുകൾ മിനയിൽ പരീക്ഷിക്കുന്നത് ഇതാദ്യമല്ല. 15 വർഷം മുമ്പ് മിന താഴ്വരയിൽ ആറ് റെസിഡൻഷ്യൽ ടവറുകൾ നിർമിച്ചിരുന്നു. അത് വലിയ വിജയകരമാവുകയും ചെയ്തതിെൻറ പശ്ചാത്തലത്തിൽ അടുത്ത 12 എണ്ണം കൂടി നിർമിക്കുന്നത്.