വയനാട്ടിലെ നരഭോജി കടുവയ്ക്ക് തൃശൂർ മൃഗശാല അധികൃതര്‍ പേരിട്ടു. രുദ്ര എന്നാണ് പേര്. വയനാട്ടില്‍ നിന്ന് പിടികൂടി പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ പാര്‍പ്പിച്ചിരിക്കുന്ന കടുവയുടെ ശരീരത്തില്‍ ഉണ്ടായിരുന്ന മുറിവ് ശസ്ത്രക്രിയയിലൂടെ തുന്നിക്കെട്ടി. എട്ടു സെന്റീമീറ്റർ ആഴത്തിലുള്ള മുറിവാണ് തുന്നിക്കെട്ടിയത്. വലതു കൈയിലെ മുറിവിലും മരുന്ന് വെച്ചു. മരുന്ന് കൊടുത്ത് മയക്കിയ ശേഷമായിരുന്നു ശസ്ത്രക്രിയ.
കടുവയുടെ മുഖത്തെ മുറിവ് നേരത്തേ തന്നെ തുന്നിക്കെട്ടിയിരുന്നു. ശസ്ത്രക്രിയയുടെ മയക്കം കഴിഞ്ഞ് ഉണര്‍ന്ന കടുവക്ക് ഭക്ഷണവും വെള്ളവും കൂട്ടില്‍ തന്നെ കരുതിയിരുന്നു. കൂട്ടില്‍ വെച്ച അഞ്ചു കിലോ പോത്തിറച്ചി കടുവ പലതവണയായി കഴിച്ചു. വെള്ളവും കുടിച്ചു. മയക്കം വിട്ട കടുവ കൂട്ടിലൂടെ നടക്കാനും തുടങ്ങിയിട്ടുണ്ട്. ഇപ്പോള്‍ ഉഷാറായിട്ടുണ്ട് രുദ്ര.
മരുന്ന് നല്‍കാനുള്ള സൗകര്യത്തിന് സുവോളജിക്കല്‍ പാര്‍ക്കിലെ ഐസൊലേഷന്‍ കേന്ദ്രത്തിലെ ചെറിയ ക്യൂബിക്കിളിലാണ് കടുവയെ പാര്‍പ്പിച്ചിരിക്കുന്നത്. രുദ്രയ്ക്കു പുറമേ ദുര്‍ഗയും വൈഗയും ലിയോയും സുവോളജിക്കല്‍ പാര്‍ക്കിലുണ്ട്.
വയനാട്ടിലെ വാകേരിയില്‍ ക്ഷീര കര്ഷകൻ പ്രജീഷിനെ കടിച്ചുകൊന്ന് ഭക്ഷിച്ച കടുവയെ കൂടുവെച്ച് പിടിച്ചാണ് പുത്തൂരിലേക്ക് എത്തിച്ചത്. ദിവസങ്ങള്‍ നീണ്ട പ്രയത്നത്തിനു ശഷമാണ് കടുവയെ പിടികൂടാന്‍ കഴിഞ്ഞത്. കടുവയെ പിടികൂടാതെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് പറഞ്ഞ് നാട്ടുകാർ പ്രതിഷേധം കനപ്പിച്ചതോടെയാണ് കടുവയെ പിടികൂടാനുള്ള തീരുമാനിച്ചത്.