പയ്യന്നൂര്‍: ശസ്ത്രക്രിയയിലൂടെ ആൺ കുഞ്ഞിന് ജന്മം നല്‍കിയതിന് പിന്നാലെ യുവതി കുഴഞ്ഞു വീണ് മരിച്ചു. കാങ്കോല്‍ നോര്‍ത്ത് വായനശാലക്ക് സമീപത്തെ വി ആതിര (28) ആണ് മരിച്ചത്.
പയ്യന്നൂരിലെ ആശുപത്രിയില്‍ പ്രസവത്തിനായി പ്രവേശിപ്പിച്ച യുവതിയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നു. വ്യാഴാഴ്ച വൈകിട്ട് നാലു മണിയോടെ ആണ്‍കുഞ്ഞിന് ജന്മം നല്കി.
ഇതിനുശേഷം പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡിലേക്ക് മാറ്റി. ഇതിനിടയില്‍ രക്തസമ്മര്‍ദം കുറഞ്ഞതിനെ തുടര്‍ന്ന് യുവതി കുഴഞ്ഞു വീഴുകയായിരുന്നു എന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.
ഗുരുതരാവസ്ഥയിലായ യുവതിയെ ബന്ധുക്കള്‍ ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. മരണ വിവരമറിഞ്ഞ് വിദേശത്തിലുള്ള ഭര്‍ത്താവ് കെ വി അഭയ് ഇന്നലെ നാട്ടിലെത്തി.
അസ്വാഭാവിക മരണത്തിന് കേസെടുത്ത പയ്യന്നൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റുമോര്‍ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്ത മൃതദേഹം പാപ്പാരട്ട സമുദായ ശ്മാശനത്തില്‍ സംസ്കരിച്ചു.. യുവതിയുടെ കുഞ്ഞ് ബന്ധുക്കളുടെ പരിചരണത്തിലാണ്.
കാങ്കോല്‍ നോര്‍ത് വായനശാലയ്ക്കു സമീപം താമസിക്കുന്ന ബി ജെ പി കര്‍ഷക മോർച്ച സംസ്ഥാന മീഡിയ കോ- കണ്‍വീനറും ഏറ്റുകുടുക്ക എല്‍ പി സ്കൂള്‍ പ്രധാന അധ്യാപകനുമായ സികെ രമേശൻ- വി അനുപ്രിയ ദമ്പതികളുടെ മകളാണ് ആതിര.
മൂന്നുവര്‍ഷം മുന്‍പായിരുന്നു ആതിരയുടെയും അഭയ്യുടെയും വിവാഹം നടന്നത്. ഏക സഹോദരി: അനശ്വര.