IndiaNEWS

ക്രിസ്മസ് അവധിയോടനുബന്ധിച്ച്‌ ചെന്നൈയില്‍നിന്ന് കേരളത്തിലേക്ക് പ്രത്യേക തീവണ്ടികൾ; അറിയിപ്പ് വന്നപ്പോഴേക്കും ടിക്കറ്റ് തീര്‍ന്നു

ചെന്നൈ:ക്രിസ്മസ് അവധിയോടനുബന്ധിച്ച്‌ ചെന്നൈയില്‍നിന്ന് കേരളത്തിലേക്ക് പ്രഖ്യാപിച്ച പ്രത്യേക തീവണ്ടിസര്‍വീസുകളെക്കുറിച്ചുള്ള അറിയിപ്പ് വന്നപ്പോഴേക്കും ഇവയിലെ ടിക്കറ്റ് തീര്‍ന്നു.

വെള്ളിയാഴ്ച പുറപ്പെട്ട എഗ്‌മോര്‍-കൊല്ലം പ്രത്യേക വണ്ടിയുടെ (06127/06128) അറിയിപ്പ് പുറത്തിറക്കിയത് വ്യാഴാഴ്ച ഉച്ചയ്ക്കുശേഷമായിരുന്നു. എന്നാല്‍, വ്യാഴാഴ്ച രാവിലെ ഒമ്ബതോടെത്തന്നെ ടിക്കറ്റ് തീര്‍ന്നിരുന്നു. വെള്ളിയാഴ്ച പ്രഖ്യാപിച്ച താംബരം-കൊല്ലം(06119/06120), താംബരം-മംഗളൂരു(06129/06130) പ്രത്യേക വണ്ടികളിലും റിസര്‍വേഷൻ തീര്‍ന്നതിനുശേഷമാണ് അറിയിപ്പ് വന്നത്.

Signature-ad

ഔദ്യോഗികമായി അറിയിപ്പ് വരുന്നതിനുമുമ്ബ് ബുക്കിങ് ആരംഭിക്കുന്നതില്‍ ദുരൂഹതയുണ്ടെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. സാധാരണയാത്രക്കാര്‍ വിവരമറിയുന്നതിനുമുമ്ബ് ഏജൻസികളില്‍ ബുക്കിങ് നടക്കുന്നുവെന്നും ഇവര്‍ക്ക് മുൻകൂട്ടി വിവരം ലഭിക്കുന്നുവെന്നുമാണ് സംശയം. ഏറ്റവും ഒടുവില്‍ പ്രഖ്യാപിച്ച താംബരം-കൊല്ലം വണ്ടിയുടെ (06119) അറിയിപ്പുണ്ടായത് ആദ്യ സര്‍വീസ് പുറപ്പെടുന്നതിന് 24 മണിക്കൂര്‍പോലും ബാക്കിയില്ലാത്തപ്പോഴായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് 1.30-ന് പുറപ്പെടുമെന്ന അറിയിപ്പുണ്ടായത് വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം മൂന്നോടെയാണ്. അപ്പോഴേക്കും ടിക്കറ്റുകള്‍ തീര്‍ന്നു.

ഉത്സവകാലങ്ങളില്‍ പ്രത്യേക തീവണ്ടികള്‍ക്കായി യാത്രക്കാര്‍ കാത്തിരിക്കും. എന്നാല്‍, യഥാസമയം അറിയിപ്പ് ലഭിക്കാത്തതിനാല്‍ ഈ സര്‍വീസുകള്‍കൊണ്ട് സാധാരണയാത്രക്കാര്‍ക്ക് പ്രയോജനമുണ്ടാകുന്നില്ല

Back to top button
error: