CrimeNEWS

പാര്‍ലമെന്റ് അതിക്രമത്തിന് പിന്നിലെ കാരണമെന്ത്? പ്രതികളെ സൈക്കോ അനാലിസിസിന് വിധേയരാക്കും

ന്യൂഡല്‍ഹി: പാര്‍ലമെന്റ് അതിക്രമക്കേസില്‍ അറസ്റ്റിലായ ആറ് പ്രതികളെയും സൈക്കോ അനാലിസിസിന് വിധേയരാക്കും. അതിക്രമം നടത്താന്‍ ഇവരെ പ്രേരിപ്പിച്ച കാരണങ്ങള്‍ എന്തൊക്കെയാണെന്ന് കണ്ടെത്തുകയാണ് ലക്ഷ്യം. അറസ്റ്റിലായ ആറുപേരില്‍ ഒരാളെ വ്യാഴാഴ്ച ഫോറന്‍സിക് സയന്‍സ് ലാബോറട്ടറിയിലേക്ക് കൊണ്ടുപോയിരുന്നു. മറ്റുള്ളവരെയും ഒരാള്‍ക്കു ശേഷം അടുത്തയാള്‍ എന്ന നിലയ്ക്ക് സൈക്കോ അനാലിസിസിന് വിധേയരാക്കും.

ഡിസംബര്‍ 13-നാണ് പാര്‍ലമെന്റിന് അകത്തും പുറത്തും അതിക്രമം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് മനോരഞ്ജന്‍, സാഗര്‍ ശര്‍മ, അമോല്‍ ഷിന്‍ഡേ, നീലം ആസാദ്, ലളിത് ഝാ, മഹേഷ് കുമാവത് എന്നിവരാണ് അറസ്റ്റിലായത്. ലോക്സഭയ്ക്കുള്ളില്‍ അതിക്രമിച്ച് കടന്ന് സ്മോക് കാനിസ്റ്റര്‍ ഉപയോഗിച്ച് പുക പകര്‍ത്തുകയാണ് മനോരഞ്ജന്‍, സാഗര്‍ ശര്‍മയും ചെയ്തത്. പാര്‍ലമെന്റിന് പുറത്ത് സ്മോക് കാനിസ്റ്ററുകള്‍ ഉപയോഗിച്ച് പ്രതിഷേധിച്ചതിനാണ് അമോല്‍ ഷിന്‍ഡേയും നീലവും പിടിയിലായത്. ലളിതാണ് അതിക്രമത്തിന്റെ സൂത്രധാരന്‍ എന്നാണ് കരുതപ്പെടുന്നത്. മഹേഷ്, ഇയാളുടെ സഹായി ആയിരുന്നു.

Signature-ad

പ്രതികളുടെ ശീലം, ദൗര്‍ബല്യം, പെരുമാറ്റം എന്നിവ മനസ്സിലാക്കുകയും മനഃശ്ശാസ്ത്രപരമായി അപഗ്രഥിക്കുകയാണ് സൈക്കോ അനാലിസിസിലൂടെ ചെയ്യുന്നത്. ചോദ്യം-ഉത്തരം മാതൃകയാണ് പരിശോധന. സൈക്യാട്രിസ്റ്റുകളാണ് ടെസ്റ്റ് നടത്തുക. നല്‍കുന്ന ഉത്തരങ്ങളുടെ അടിസ്ഥാനത്തില്‍, പ്രതികള്‍ എന്തുകൊണ്ട് കുറ്റം ചെയ്തുവെന്ന് അന്വേഷണസംഘത്തിന് കണ്ടെത്താനാകും. സി.ബി.ഐയുടെ ഫോറന്‍സിക് ലാബിലും രോഹിണിയിലെ എഫ്.എസ്.എല്ലിലുമായാണ് ടെസ്റ്റുകള്‍ നടക്കുക. ഇതിന് മുന്‍പ് ശ്രദ്ധ വാള്‍ക്കര്‍ കൊലപാതക കേസില്‍ പ്രതിയെ സൈക്കോ അനാലിസിസിന് വിധേയനാക്കിയിരുന്നു.

 

 

Back to top button
error: