BusinessTRENDING

കേരളത്തിൽ 5000 കോടിയുടെ വമ്പൻ നിക്ഷേപവുമായി ബിപിസിഎൽ; അടിമുടി മാറ്റത്തിന് കേരളം, ഉറപ്പ് ലഭിച്ചെന്ന് മന്ത്രി

തിരുവനന്തപുരം: കേരളത്തിൽ 5000 കോടിയുടെ വമ്പൻ നിക്ഷേപവുമായി ബിപിസിഎൽ. മന്ത്രി പി രാജീവാണ് ഇക്കാര്യം അറിയിച്ചത്. ഓഗസ്റ്റ് മാസത്തിലാണ് കൊച്ചിയിൽ പോളിപ്രൊപ്പിലീൻ നിർമ്മാണ യൂണിറ്റ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ചകൾ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് ചെയർമാൻ ജി കൃഷ്ണകുമാറുമായി നടത്തിയതെന്ന് രാജീവ് പറഞ്ഞു. ബിപിസിഎലിൻ്റെ റിഫൈനറിയിലാണ് ലോകോത്തര നിലവാരത്തിലുള്ള പോളി പ്രൊപ്പിലീൻ യൂണിറ്റും അനുബന്ധ വ്യവസായ യൂണിറ്റുകളും ആരംഭിക്കുന്നതിനായുള്ള ശ്രമങ്ങൾ നടന്നത്.

5000 കോടിയുടെ ബൃഹത്തായ പദ്ധതി 46 മാസം കൊണ്ട് പൂർത്തിയാക്കുമെന്ന ഉറപ്പാണ് ഇപ്പോൾ ലഭിച്ചിട്ടുള്ളത്. ദൈനംദിന ജീവിതത്തിൽ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്കാവശ്യമായ പോളി പ്രൊപ്പിലീൻ വലിയ തോതിൽ ഈ യൂണിറ്റിൽ നിന്ന് ഉൽപാദിപ്പിക്കാൻ സാധിക്കും. ബാഗുകൾ, വീട്ടുപകരണങ്ങൾ, ബോക്സുകൾ, ഷീറ്റ്, പാക്കേജിങ്ങ് ഫിലിംസ് തുടങ്ങി നിരവധി അവശ്യസാധനങ്ങൾ നിർമ്മിക്കുന്നതിന് ദക്ഷിണേന്ത്യയിലാകെ പോളി പ്രൊപ്പിലീൻ വിതരണം ചെയ്യാൻ ഈ യൂണിറ്റിന് സാധിക്കും.

വളരെ പെട്ടെന്നുതന്നെ പദ്ധതിയുടെ പ്രാരംഭ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പെട്രോകെമിക്കൽ വ്യവസായങ്ങളുടെ ഹബ്ബായി മാറുകയെന്ന കേരളത്തിൻ്റെ ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ഏടാകും കൊച്ചിൻ റിഫൈനറിയിൽ പൂർത്തിയാകുന്ന പുതിയ പ്ലാൻ്റ്. ബിപിസിഎലും അശോക് ലയ്‌ലൻ്റും കൊച്ചിൻ വിമാനത്താവളവും സംയുക്തമായി ഗ്രീൻ ഹൈഡ്രജൻ പ്ലാൻ്റ് സ്ഥാപിക്കുന്നതിനുള്ള ആലോചനകളും നടന്നുവരുന്നുണ്ട്.

ഒപ്പം തന്നെ കൊച്ചിൻ വിമാനത്താവളത്തിന് ആവശ്യമായ ജെറ്റ് ഇന്ധന നിർമ്മാണ യൂണിറ്റുമായി ബന്ധപ്പെട്ടും ബിപിസിഎൽ ചർച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തിൻ്റെയാകെ മുഖച്ഛായ മാറ്റുന്ന പദ്ധതികളിലൂടെ പെട്രോകെമിക്കൽ വ്യവസായങ്ങളുടെ ഹബ്ബായി മാറാനും നിരവധിയായിട്ടുള്ള മറ്റ് നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും സാധിക്കുമെന്നും രാജീവ് പറഞ്ഞു.

Back to top button
error: