LocalNEWS

ഗുരുവായൂര്‍ ആനത്താവളത്തിലെ ആനകള്‍ക്ക് പാദരോഗത്തില്‍നിന്ന് രക്ഷനേടാന്‍ ഇനി റബര്‍ മെത്ത; ആദ്യ ഘട്ടത്തില്‍ ആന മുത്തശി നന്ദിനിക്കാണ് റബര്‍ മെത്ത ഒരുക്കിയിരിക്കുന്നത്

തൃശൂര്‍: ഗുരുവായൂര്‍ ആനത്താവളത്തിലെ ആനകള്‍ക്ക് പാദരോഗത്തില്‍ നിന്ന് രക്ഷനേടാന്‍ ഇനി റബര്‍ മെത്ത. ആദ്യ ഘട്ടത്തില്‍ ആന മുത്തശി നന്ദിനിക്കാണ് റബര്‍ മെത്ത ഒരുക്കിയിട്ടുള്ളതെങ്കിലും ഉടന്‍തന്നെ മറ്റാനകള്‍ക്കും ഇത്തരത്തിലുള്ള വിഐപി. സൗകര്യമൊരുക്കാനാണ് ദേവസ്വം തീരുമാനം. കോണ്‍ക്രീറ്റ് തറ കെട്ടിപ്പൊക്കിയതിന് മുകളില്‍ റബര്‍ ഷീറ്റ് വിരിച്ചാണ് മെത്ത തയാറാക്കിയിരിക്കുന്നത്. ആനയ്ക്ക് ഇരുഭാഗത്തേക്കും ചെരിഞ്ഞുകിടക്കാന്‍ പാകത്തിലാണ് നിര്‍മാണം. എട്ടു ലക്ഷം രൂപയാണ് നിര്‍മാണ ചെലവ്.

ഗുരുവായൂരപ്പ ഭക്തനായ കോയമ്പത്തൂര്‍ സ്വദേശി മാണിക്യന്റെ വഴിപാടായാണ് തറയില്‍ മെത്ത നിര്‍മിച്ചു നല്‍കിയത്. എറണാകുളം ലാന്‍ഡ് മാര്‍ക്ക് ബില്‍ഡേഴ്‌സ് ആറു മാസം കൊണ്ടാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. മണ്ണിലെ ചെളിയില്‍ നിന്നാണ് ആനകള്‍ക്ക് പാദരോഗം വരുന്നതെന്നാണ് വിദഗ്ധരുടെ അനുമാനം. ആനകളുടെ മരണത്തിനുവരെ പാദരോഗം കാരണമാകാറുണ്ട്. നന്ദിനി ദീര്‍ഘനാളായി പാദരോഗത്തിന് ചികിത്സയിലായിരുന്നു. ആയുര്‍വേദ ചികിത്സയില്‍ കഴിയുന്ന നന്ദിനിക്കിപ്പോള്‍ രോഗശമനമായെങ്കിലും വീണ്ടും വരാനുള്ള സാധ്യതയുള്ളതുകൊണ്ടാണ് തറ റബറാക്കാന്‍ ദേവസ്വം തീരുമാനിച്ചത്.

Signature-ad

കരിങ്കല്‍ ക്വാറികളില്‍ ഉപയോഗിക്കുന്ന റബര്‍ ഷീറ്റുകളാണ് ഇതിനും ഉപയോഗിച്ചിരിക്കുന്നത്. റബര്‍ കൊണ്ടൊരുക്കിയ തറയില്‍ ആനയെ കുളിപ്പിച്ചാലും വെള്ളം കെട്ടിനില്‍ക്കില്ല. പിണ്ഡവും തീറ്റയുടെ അവശിഷ്ടങ്ങളും ഒഴുകിപ്പോകും. ഇത്തരത്തിലുള്ള നിര്‍മാണം രാജ്യത്ത് ആദ്യമാണെന്ന് ജീവധനം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ കെ.എസ് മായാദേവി പറഞ്ഞു. തറകളില്‍ പൂഴിമണല്‍ വിരിച്ചാണ് പാദരോഗത്തെ മറികടക്കുന്നത്. തറ വൃത്തിക്കേടാവുന്നതിന് അനുസരിച്ച് മണല്‍ മാറ്റിക്കൊണ്ടിരിക്കണം. ഇത്തരത്തില്‍ ദേവസ്വത്തിന് ലക്ഷങ്ങളുടെ ചെലവാണ് വരുന്നത്. റബര്‍ തറയിലൂടെ ഭാരിച്ച ചെലവ് മറികടക്കാനാകും എന്നാണ് ദേവസ്വത്തിന്‍റെ പ്രതീക്ഷ.

പാദരോഗ ചികിത്സയില്‍ കഴിയുന്ന ചെന്താമരാക്ഷന്‍, ഗോപാലകൃഷ്ണന്‍ എന്നീ കൊമ്പന്മാര്‍ക്ക് ഉള്‍പ്പെടെ നാലാനകള്‍ക്ക് കൂടി റബര്‍ തറ ഒരുക്കാനാണ് ദേവസ്വം തീരുമാനം. ദേവസ്വം ചെയര്‍മാന്‍ ഡോ വി കെ വിജയന്‍ പുതിയ തറയുടെ സമര്‍പ്പണം നിര്‍വഹിച്ചു. ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, സി മനോജ്, അഡ്മിനിസ്‌ട്രേറ്റര്‍ കെ പി വിനയന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Back to top button
error: