HealthLIFE

കൊവിഡും ഹൃദയസംബന്ധമായ പ്രശ്നങ്ങളും ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യവിദഗ്ധർ പറയുന്നത്… അതും ചെറുപ്പക്കാരില്‍ ഇത്തരം പ്രശ്നങ്ങള്‍ കൂടുതലായി കാണിക്കുന്നു…

കൊവിഡ് 19 മഹാമാരിക്ക് ശേഷം പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും വ്യാപകമാകുന്നൊരു കാഴ്ച ഇന്ന് കാണാനാകും. ഇതിനിടെ പലപ്പോഴായി ചർച്ചയിൽ വന്നുപൊയ്ക്കൊണ്ടിരിക്കുന്നൊരു വിഷയമാണ് കൊവിഡും ഹൃദയസംബന്ധമായ പ്രശ്നങ്ങളും. കൊവിഡ് 19 ബാധിച്ച പലരിലും പിന്നീട് ഹൃദയാഘാതം സംഭവിക്കുന്നു, അല്ലെങ്കിൽ ഹൃദയാഘാതത്തിനുള്ള സാധ്യത വർധിക്കുന്നു എന്ന തരത്തിലുള്ള ആശങ്ക മഹാമാരി വന്ന് ഒരു വർഷം പിന്നിട്ടപ്പോൾ വന്നതാണ്. എന്നാൽ ഈ വിഷയത്തിൽ ഇപ്പോഴും വ്യക്തതകൾ വരാനുണ്ട്.

എന്നിരിക്കിലും ഒളിഞ്ഞും തെളിഞ്ഞും ഡോക്ടർമാർ അടക്കമുള്ള ആരോഗ്യവിദഗ്ധരൊക്കെ പറയുന്നത് കൊവിഡ് 19 ഹൃദയത്തെ ബാധിക്കുന്നുണ്ടെന്നാണ്. അതും ചെറുപ്പക്കാരിൽ ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കാണിക്കുന്നു എന്നും പറയുന്നുണ്ട്. ഇപ്പോഴിതാ കൊവിഡ് ബാധിച്ചവരിൽ ഒരു വിഭാഗം പേരിൽ ഹൃദയത്തിലെ ഞരമ്പുകളിൽ വീക്കം വരുന്നതായാണ് ചില ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നത്. ഇതും പ്രായഭേദമില്ലാതെ കണ്ടുവരുന്നൊരു ട്രെൻഡായിട്ടാണ് ഇവർ മനസിലാക്കുന്നത്.

Signature-ad

‘മുമ്പത്തേ പോലല്ല. മുമ്പൊക്കെ പ്രായമായവരിലാണ് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ അധികവും കാണുക. എന്നാലിപ്പോൾ ചെറുപ്പക്കാരിൽ തന്നെ ഇത് കാര്യമായി കാണുന്നുണ്ട്. ആശങ്കപ്പെടുത്തുന്നതാണ് ഈ അവസ്ഥ. കൊവിഡ് വൈറസ് പലരിലും ഹൃദയത്തിലെയോ തലച്ചോറിലെയോ ഞരമ്പുകളിൽ വീക്കം ഉണ്ടാക്കിയിട്ടുണ്ട്. ഇത് പല തോതിലും തീവ്രതയിലുമൊക്കെയാണ്. ഓരോ വ്യക്തിയുടെയും ആരോഗ്യാവസ്ഥയ്ക്ക് അനുസരിച്ച് ഇത് ബാധിക്കപ്പെടുകയാണ്…’- കാൺപൂരിൽ നിന്നുള്ള പ്രമുഖ കാർഡിയോളജിസ്റ്റ് ഡോ. രാകേഷ് വർമ പറയുന്നു.

പ്രത്യേകിച്ച് തണുപ്പുകാലം കൂടിയായപ്പോൾ ഇങ്ങനെയുള്ള കേസുകൾ വല്ലാതെ കൂടിയെന്നാണ് ഡോ. രാകേഷ് പറയുന്നത്. സ്വതവേ തന്നെ ഹൃദയത്തിലെയോ തലച്ചോറിലെയോ എല്ലാം ഞരമ്പുകൾ നേരിയതായിരിക്കുമത്രേ. ഇതിന് പുറമെ തണുപ്പുകാലമാകുമ്പോൾ അന്തരീക്ഷ താപനില താഴുന്നതിനെ പിന്നാലെ വീണ്ടും ഞരമ്പുകൾ ചുരുങ്ങുമ്പോൾ കാര്യങ്ങൾ സങ്കീർണമാവുകയാണെന്ന് ഡോക്ടർ പറയുന്നു. ബിപി, പ്രമേഹം, കൊളസ്ട്രോൾ, നേരത്തേ തന്നെ ഹൃദയസംബന്ധമായ പ്രശ്നങ്ങളുള്ളവർ എന്നിവരാണെങ്കിൽ ഇത്തരത്തിലുള്ള വെല്ലുവിളിക്ക് കൂടുതൽ ഇരയാകാമെന്നും ഇവർ ഓർമ്മിപ്പിക്കുന്നു.

നിലവിൽ യുവാക്കൾക്കിടയിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗം, സ്ട്രെസ് എന്നീ കാര്യങ്ങളാണ് രംഗം കൂടുതൽ വഷളാക്കുന്നത് എന്നാണ് ഡോ. രാകേഷിൻറെ അഭിപ്രായം. ഇക്കാര്യം കൂടി യുവാക്കളെ ഓർമ്മപ്പെടുത്തുകയാണ് ഇദ്ദേഹം. അതേസമയം കൊവിഡ് 19 ഹൃദയാഘാതം അടക്കമുള്ള ഗുരുതരമായ അവസ്ഥകളിലേക്ക് നയിക്കുന്നു എന്നതിന് വ്യക്തമായ തെളിവുകളില്ലെന്നാണ് ഗവേഷകർ ഇതുവരേക്കും വ്യക്തമാക്കിയിട്ടുള്ളത്. പക്ഷേ ഇതിന് വിരുദ്ധമായ വിവരങ്ങളാണ് ആരോഗ്യമേഖലയിൽ നിന്ന് പലപ്പോഴും വരുന്നത്.

Back to top button
error: