IndiaNEWS

രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ ചടങ്ങിന് സോണിയയ്ക്കും ക്ഷണം; പങ്കെടുക്കുമോ എന്നത് സസ്‌പെന്‍സ്

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ ചടങ്ങിന് സോണിയ ഗാന്ധിക്കും ക്ഷണം. ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് അധികൃതരാണ് സോണിയ ഗാന്ധിയെ ക്ഷണിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി എന്നിവര്‍ക്കും ക്ഷണക്കത്ത് അയച്ചതായി ട്രസ്റ്റ് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കുമോ എന്നതില്‍ വ്യക്തതയില്ല.

ജനുവരി 22 നാണ് പ്രതിഷ്ഠ ചടങ്ങ്. മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ, മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് എന്നിവരെയും പ്രതിനിധി സംഘം സന്ദര്‍ശിച്ച ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നാണ് വിവരം. മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീലിനും ക്ഷണക്കത്ത് അയച്ചിട്ടുണ്ട്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും അധ്യക്ഷന്‍മാരെയും ക്ഷണിച്ചേക്കും. എന്നാല്‍ സംസ്ഥാന മുഖ്യമന്ത്രിമാരെയും ഗവര്‍ണര്‍മാരെയും ക്ഷണിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യകതത വരേണ്ടതുണ്ട്.

Signature-ad

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആര്‍.എസ്.എസ് സര്‍സംഘചാലക് മോഹന്‍ ഭഗവത്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ ചടങ്ങിന് എത്തും. അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍.കെ അദ്വാനിയും മുരളീമനോഹര്‍ ജോഷിയും എത്തുമെന്ന സൂചനകളും പുറത്തുവന്നിട്ടുണ്ട്. ഇരുവരെയും വിശ്വഹിന്ദു പരിഷത്തിന്റെ നേതാക്കള്‍ നേരിട്ട് ക്ഷണിച്ചിരുന്നു. നേരത്തെ അദ്വാനിയും മുരളീമനോഹര്‍ ജോഷിയും ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ചടങ്ങിന് വരേണ്ടെന്ന് അയോധ്യ ക്ഷേത്രം ട്രസ്റ്റ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരെയും വി.എച്ച്.പി നേതാക്കള്‍ നേരിട്ട് ക്ഷണിച്ചത്.

 

Back to top button
error: