KeralaNEWS

അഞ്ച് കൊലപാതക കേസുകളിലെ പ്രതി റിപ്പർ ജയാനന്ദന് രണ്ട് പകൽ പരോൾ; തടവിൽ കഴിയവെ എഴുതിയ ‘പുലരി വിരിയും മുമ്പേ’ പ്രകാശനത്തിനാണ് ഹൈക്കോടതി പരോൾ അനുവദിച്ചത്

കൊച്ചി: അഞ്ച് കൊലപാതക കേസുകളിലെ പ്രതി റിപ്പർ ജയാനന്ദന് രണ്ട് പകൽ പരോൾ അനുവദിച്ച് ഹൈക്കോടതി. തടവിൽ കഴിയവെ ജയാനന്ദൻ എഴുതിയ ‘പുലരി വിരിയും മുമ്പേ’ എന്ന പുസ്തകത്തിൻ്റെ പ്രകാശന ചടങ്ങിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് പരോൾ. ഈ മാസം 22, 23 ദിവസങ്ങളിൽ രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെയാണ് പരോൾ. 23ന് കൊച്ചിയിൽ ആണ് പുസ്തക പ്രകാശനം.

അഭിഭാഷകയായ മകൾ കീർത്തി ജയാനന്ദൻ വഴി ഭാര്യ ഇന്ദിരയാണ് പരോളിനായി ഹൈക്കോടതിയെ സമീപിച്ചത്. ജയാനന്ദന് സാധാരണ പരോൾ അനുവദിക്കാൻ നിയമമില്ലെന്നും, എന്നാൽ ഭരണഘടന കോടതികൾക്ക് ഇക്കാര്യത്തിൽ തീരുമാനമെടുക്കാം എന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഉത്തരവ്. കഴിഞ്ഞ 17 വർഷമായി തടവിൽ കഴിയുന്ന ജയാനന്ദൻ നിലവിൽ വിയൂർ അതീവ സുരക്ഷാ ജയിലിലാണുള്ളത്. നേരത്തെ ഈ വർഷം മാർച്ചിലാണ് കൊടുംകുറ്റവാളി റിപ്പർ ജയാനന്ദൻ പരോളിൽ‍ പുറത്തിറങ്ങിയത്. നീണ്ട പതിനേഴ് വർഷത്തെ ജയിൽ വാസത്തിനിടെ ആദ്യമായാണ് അന്ന് പരോളിൽ പുറത്തിറങ്ങിയത്. മകളുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് പരോൾ ലഭിച്ചത്. മൂത്ത മകളുടെ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാനായി രണ്ട് ദിവസത്തെ എസ്കോട്ട് പരോളാണ് ഹൈക്കോടതി അന്ന് അനുവദിച്ചത്.

Signature-ad

മാള ഇരട്ടക്കൊല, പെരിഞ്ഞനം, പുത്തൻവേലിക്കര കൊലക്കേസുകൾ അങ്ങനെ ഇരുപത്തിനാലു കേസുകളിൽ പ്രതിയാണ് ജയാനന്ദൻ. സ്ത്രീകളെ തലയ്ക്കടിച്ച് വീഴ്ത്തി ആഭരണം തട്ടിയെടുക്കലായിരുന്നു രീതി. ജീവിതാവസാനം വരെ കഠിന തടവാണ് ശിക്ഷ. അതീവ അപകടകാരിയായതിനാൽ പരോൾ പോലും അനുവദിച്ചിരുന്നില്ല. അഭിഭാഷക കൂടിയായ മകളുടെ അപക്ഷേ പരിഗണിച്ചാണ് പൂർണ്ണ സമയവും പൊലീസ് അകമ്പടിയോടെയുള്ള പരോൾ ഹൈക്കാടതി അന്ന് അനുവദിച്ചത്. പിന്നീട് പുസ്തക പ്രകാശനത്തിനാണ് പരോൾ.

Back to top button
error: