SportsTRENDING

മിനി താരലേലത്തില്‍ മലയാളി താരങ്ങളെ ആര്‍ക്കും വേണ്ട! ഒരു ഫ്രാഞ്ചൈസിയും താല്‍പര്യം കാണിച്ചില്ല, പങ്കെടുത്ത എട്ട് പേരും അണ്‍സോള്‍ഡ്

ദുബായ്: ഐപിഎല്‍ 2024 സീസണിന് മുന്നോടിയായുള്ള മിനി താരലേലത്തില്‍ മലയാളി താരങ്ങളെ ആര്‍ക്കും വേണ്ട. എട്ട് മലയാളികളാണ് ലേലത്തിനുണ്ടായിരുന്നത്. രോഹന്‍ കുന്നുമ്മല്‍, സല്‍മാന്‍ നിസാര്‍, ഓള്‍റൗണ്ടര്‍മാരായ അബ്ദുള്‍ ബാസിത്, വൈശാഖ് ചന്ദ്രന്‍, സ്പിന്നര്‍ എസ് മിഥുന്‍, പേസര്‍മാരായ കെ എം ആസിഫ്, ബേസില്‍ തമ്പി, അകിന്‍ സത്താര്‍ എന്നിവരാണ് പേര് രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ ഒരു ഫ്രാഞ്ചൈസിയും താല്‍പര്യം കാണിച്ചില്ല. കേരളത്തിനായി കളിക്കുന്ന അതിഥി താരം ശ്രേയസ് ഗോപാലിനെ മുംബൈ ഇന്ത്യന്‍സ് അടിസ്ഥാന വിലയായ 20 ലക്ഷത്തിന് സ്വന്തമാക്കി.

അതേസമയം, ജലജ് സക്‌സേനയും ആരും വിളിച്ചില്ല. ലേലത്തില്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള മലയാളികള്‍ രോഹന്‍ കുന്നുമ്മലും ബേസില്‍ തമ്പിയുമായിരുന്നു. ഐപിഎല്ലില്‍ മുമ്പ് കളിച്ച പരിചയം ബേസിലിനുണ്ടായിരുന്നു. 333 താരങ്ങളാണ് ലേലത്തിലുണ്ടായിരുന്നത്. 214 ഇന്ത്യന്‍ താരങ്ങളും 119 വിദേശതാരങ്ങളും അന്തിമ പട്ടികയിലുള്‍പ്പെട്ടു. 10 ഫ്രാഞ്ചെസികളിലുമായി ആകെ 77 സ്‌പോട്ടുകളാണ് ഒഴിവുണ്ടായിരുന്നത്. ടീമുകള്‍ സ്വന്തമാക്കേണ്ട 77 താരങ്ങളില്‍ 30 പേര്‍ വിദേശികളാണ്. ലേലത്തിനുള്ള 116 താരങ്ങള്‍ ക്യാപ്ഡ് പ്ലെയര്‍സും 215 ആളുകള്‍ അണ്‍ക്യാപ്ഡുമാണ്.

Signature-ad

അതേസമയം, ഓസ്‌ട്രേലിയയുടെ മറ്റൊരു പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ലേലത്തിലെ ഉയര്‍ന്ന തുക നേടി. 24.75 കോടി രൂപ മുടക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് സ്റ്റാര്‍ക്കിനെ ടീമിലെത്തിച്ചത്. അത്യന്തം നാടകീയമായ ലേലം വിളിയില്‍ രണ്ട് കോടി രൂപ അടിസ്ഥാനവിലയുള്ള സ്റ്റാര്‍ക്കിനായി തുടക്കത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സും മുംബൈ ഇന്ത്യന്‍സുമാണ് ശക്തമായി രംഗത്തുവന്നത്. ഐപിഎല്‍ താരലേല ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമാവാനും സ്റ്റാര്‍ക്കിനായി.

ഒടുവില്‍ സ്റ്റാര്‍ക്കിന്റെ വില ഒമ്പത് കോടി കടന്നതോടെ ഡല്‍ഹി പിന്‍മാറി. ഈ സമയത്താണ് കൊല്‍ക്കത്ത സ്റ്റാര്‍ക്കിനായി രംഗത്തെത്തിയത്. സ്റ്റാര്‍ക്കിന്റെ മൂല്യം കുതിച്ചതോടെ മുംബൈയും പതുക്കെ കളം വിട്ടു. പിന്നീടെത്തിയത് ഗുജറാത്ത് ടൈറ്റന്‍സായിരുന്നു. കൊല്‍ക്കത്തയും ഗുജറാത്തും വിട്ടുകൊടുക്കാന്‍ തയാറാവാതിരുന്നതോടെ സ്റ്റാര്‍ക്ക് 20 കോടി കടന്നു.

ഒടുവില്‍ 24.75 കോടിക്ക് സ്റ്റാര്‍ക്കിനെ കൊല്‍ക്കത്ത വിളിച്ചതോടെ ഗുജറാത്ത് പിന്‍മാറി. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമാണ് സ്റ്റാര്‍ക്ക്. ഇത്തവണ ലേലത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 20.50 കോടിക്ക് പാറ്റ് കമിന്‍സിനെ വിളിച്ചെടുത്തതിന്റെ റെക്കോര്‍ഡാണ് മണിക്കൂറുകള്‍ക്കുള്ളില്‍ കൊല്‍ക്കത്ത മറികടന്നത്.

കാമറോണ്‍ ഗ്രീന്‍(17.50 കോടി), ബെന്‍ സ്റ്റോക്‌സ്(16.25 കോടി), ക്രിസ് മോറിസ്(16.25 കോടി), നിക്കോളാസ് പുരാന്‍(16 കോടി), യുവരാജ് സിംഗ് (16 കോടി) എന്നിവരാണ് ഐപിഎല്‍ ലേലത്തില്‍ മുമ്പ് 16 കോടി പിന്നിട്ട കളിക്കാര്‍.

Back to top button
error: