ദില്ലി: തമിഴ്നാട് പ്രളയത്തിൽ കേന്ദ്ര സഹായം തേടി പ്രധാനമന്ത്രിയെ സന്ദർശിച്ച് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. സംസ്ഥാനത്തെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും തെക്കൻ ജില്ലകളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 2000 കോടി രൂപ ഉടൻ അനുവദിക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു. ഇന്ന് ചെന്നൈയിൽ തിരിച്ചെത്തുന്ന സ്റ്റാലിൻ രാത്രി മധുരക്ക് പോകും. മറ്റന്നാൾ തൂത്തുകുടിയിലെ പ്രളയ മേഖലകൾ സന്ദർശിക്കും. കേന്ദ്ര സംഘം ഇന്ന് തൂത്തുക്കുടിയിൽ എത്തുന്നത് കൊണ്ടാണ് സ്റ്റാലിന്റെ വരവ് നീട്ടിയത് എന്നാണ് വിശദീകരണം. അതേസമയം, തമിഴ്നാട് രാജ്‌ഭവനിലെ ക്രിസ്മസ് വിരുന്ന് റദ്ദാക്കി. തെക്കൻ ജില്ലകളിലെ പ്രളയം കാരണമാണെന്നാണ് ഗവർണറുടെ വിശദീകരണം. വ്യാഴാഴ്ചയാണ് ക്രിസ്മസ് ആഘോഷം തീരുമാനിച്ചിരുന്നത്. ഈ പരിപാടിയാണ് പ്രളയത്തിൻ്റെ പശ്ചാത്തലത്തിൽ റദ്ദാക്കിയിരിക്കുന്നത്.
അതേസമയം, ഒരു വർഷം ആകെ കിട്ടുന്ന മഴ ഒറ്റ ദിവസം പെയ്തിറങ്ങിയപ്പോൾ ദുരിതക്കയത്തിലാണ് തിരുനെൽവേലി. വർഷം പരമാവധി 70 സെൻറീ മീറ്റർ മഴ പെയ്യുന്ന തിരുച്ചെന്തൂർ, കായൽപട്ടണത്തിൽ 24 മണിക്കൂറിൽ രേഖപ്പെട്ടത് 95 സെൻറി മീറ്റർ മഴയാണ്. തിരുനെൽവേലി ജംഗ്ഷനും റെയിൽവേ സ്റ്റേഷനും കളക്ടറേറ്റും ആശുപത്രികളും നൂറ് കണക്കിന് വീടുകളും വെള്ളത്തിൽ മുങ്ങി. കളക്ടറേറ്റ് ജീവനക്കാരെ ബോട്ടുകളിലാണ് ഇവരെ പുറത്തെത്തിച്ചത്. താമരഭരണി അടക്കം നദികൾ കരകവിഞ്ഞൊഴുകുന്നതും അണക്കെട്ടുകൾ അതിവേഗം നിറയുന്നതും ആശങ്ക ഉയർത്തി. പ്രസവം അടുത്ത യുവതികളെ ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികൾ വേഗത്തിലാക്കിയതായി ജില്ലാ ഭരണകൂടം അറിയിച്ചു.
തൂത്തുക്കുടിയിൽ കളക്ടറേറ്റ് റോഡിൽ അടക്കം വെള്ളക്കെട്ട് രൂപപ്പെട്ടത്തോടെ ഗതാഗതം താറുമാറായി. കന്യാകുമാരി, വിവേകാനന്ദ പാറ അടക്കം തെക്കൻ തമിഴ്നാട്ടിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശകരെ വിലക്കിയിരിക്കുകയാണ്. റെയിൽവേ ട്രാക്കിലെ വെള്ളക്കെട്ടിനെ തുടർന്ന് കേരളത്തിലേക്കുള്ളത് അടക്കം തിരുനെൽവേലി വഴിയുള്ള ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയ്ക്ക് പുറമേ നാവികസേനയുടെയും വ്യോമസേനയുടെയും ഹെലികോപ്റ്ററുകൾ തിരുനെൽവേലിയിലും തൂത്തുക്കുടിയിലും രക്ഷാ പ്രവർത്തനത്തിൽ സജീവമാണ്.