KeralaNEWS

നവകേരള യാത്ര; കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസുകാരും ഡിവൈഎഫ്‌ഐക്കാരും ഏറ്റുമുട്ടിയത് കളരിപ്പയറ്റ് സ്റ്റൈലില്‍

കൊല്ലം: നവകേരള യാത്രയ്ക്കിടെ  മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാൻ എത്തിയ യൂത്ത് കോണ്‍ഗ്രസുകാരും അവരെ തടയാൻ എത്തിയ ഡിവൈഎഫ്‌ഐക്കാരും തമ്മില്‍ നടുറോഡില്‍ ഏറ്റുമുട്ടിയത് തച്ചോളി ഒതേനൻ പോലും നാണിച്ചു പോകുന്ന വിധം.

ചിന്നക്കടയ്ക്ക് സമീപത്തുള്ള ജറോം നഗറില്‍ ഇന്ന് രാവിലെയായിരുന്നു കളരിപ്പയറ്റ് സ്റ്റൈലില്‍ ഇരുവിഭാഗവും ഏറ്റുമുട്ടിയത്. ചുവടുവച്ച്‌ വടികൊണ്ട് തെരുവില്‍ തമ്മില്‍ തല്ലിയപ്പോള്‍ ഒന്നും ചെയ്യാനാവാതെ പൊലീസ് കാഴ്ചക്കാരായി. ഒടുവില്‍ ഏറെപണിപ്പെട്ടാണ് സംഘര്‍ഷത്തിന് അയവുണ്ടാക്കിയത്.

കരുനാഗപ്പള്ളിയിലേക്ക് പോവുകയായിരുന്ന നവകേരള ബസിന് നേരെ കരിങ്കൊടി കാണിക്കാനാണ് യൂത്ത്കോണ്‍ഗ്രസുകാര്‍ സംഘടിച്ചെത്തിയത്. ഇവരെ തടയാൻ ഡിവൈഎഫ്‌ഐക്കാര്‍ എത്തുമെന്ന വിവരം ഉള്ളതിനാല്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിരുന്നു.
നവകേരള ബസ് പോയ ഉടനായിരുന്നു സംഘര്‍ഷം. വടിയും ട്യൂബ് ലൈറ്റുംകൊണ്ട് ഇരുവിഭാഗവും ഏറ്റുമുട്ടി. അടി സഹിക്കാനാവാതെവന്നപ്പോള്‍ ചിലര്‍ രക്ഷപ്പെടാനായി അടുത്തുള്ള ഹോട്ടലിലേക്ക് കയറി. ഇവര്‍ക്കും കിട്ടി പൊതിരെ തല്ല്.
അടി കണ്ടിട്ടും ആദ്യം അനങ്ങാതിരുന്ന പൊലീസ് കാര്യങ്ങള്‍ കൈവിട്ടുപോകുന്നു എന്ന് വ്യക്തമായതോടെ ഇടപെടുകയായിരുന്നു.
ഇരുപക്ഷത്തുമുള്ള ചിലര്‍ പിടിയിലായിട്ടുണ്ട്. സംഘര്‍ഷത്തിലും രണ്ടുവിഭാഗത്തിലുള്ളവര്‍ക്കും പരിക്കേറ്റു. ചിലരുടെ തലപൊട്ടി ചോര ഒഴുകുന്നുണ്ടായിരുന്നു.ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരേ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പെപ്പര്‍ സ്പ്രേ പ്രയോഗിക്കുകയും ചെയ്തു.

Back to top button
error: