KeralaNEWS

വയനാട്ടിൽ കർഷകനെ കൊന്ന നരഭോജിക്കടുവ കൂട്ടിലായി; വെടിവച്ചു കൊല്ലണമെന്ന് നാട്ടുകാർ, വൻ പ്രതിഷേധം

    വയനാട് കൂടല്ലൂരില്‍ വയലില്‍ പുല്ലരിയാന്‍ പോയ ക്ഷീരകര്‍ഷകന്‍ പ്രജീഷിനെ (36) കൊലപ്പെടുത്തിയ കടുവയെ പിടികൂടി. പ്രജീഷ് മരിച്ച് പത്താം ദിവസമാണ് കടുവ കൂട്ടിലായത്. വനംവകുപ്പ് സ്ഥാപിച്ച ഒന്നാമത്തെ കൂട്ടിൽത്തന്നെ കടുവ കുടുങ്ങി. പ്രജീഷ് കൊല്ലപ്പെട്ട കോളനി കവലയ്ക്കു സമീപത്തുള്ള കാപ്പിത്തോട്ടത്തിൽ വച്ചാണ് കടുവ കെണിയിലായത്.

നേരത്തേ കടുവയെ വെടിവച്ചു കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടിരുന്നു. തുടർന്ന് കടുവയെ നിരീക്ഷിക്കാനായി 25 ക്യാമറകളും പിടികൂടാൻ മൂന്ന് കൂടും വനംവകുപ്പ് സ്ഥാപിച്ചു. അനുയോജ്യമായ സ്ഥലത്ത് എത്തിയാൽ കടുവയെ വെടിവയ്ക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നു.

Signature-ad

അതേസമയം, കർഷകനെ കൊന്ന കടുവയെ വെടിവച്ചു കൊല്ലണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തെത്തി. കെണിയിൽ കുടുങ്ങിയ കടുവയെ കൊല്ലാതെ ഇവിടെനിന്നു കൊണ്ടുപോകാൻ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്.

ബത്തേരി വാകേരിയിൽ കൂടല്ലൂർ മൂടക്കൊല്ലി സ്വദേശി മരോട്ടിതറപ്പിൽ പ്രജീഷാണ് ഈ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പുല്ലരിയാൻ പോയ പ്രജീഷിനെ കാണാതായതോടെ വീട്ടുകാർ അന്വേഷിച്ചെത്തിയപ്പോഴാണ് മൃതദേഹം വയലിൽ കണ്ടെത്തിയത്

ഞായറാഴ്ച രാത്രിയും കല്ലൂര്‍ക്കുന്നില്‍നിന്നു അകലെ വട്ടത്താനി ഭാഗത്ത് കടുവയെ കണ്ടതായി ആളുകള്‍ പറഞ്ഞിരുന്നു. കടുവയെ പിടികൂടാന്‍ ശ്രമം തുടരുന്നതിനിടെ, വാകേരിയില്‍നിന്നു ഏകദേശം അഞ്ച് കിലോമീറ്റര്‍ അകലെ ഞാറ്റാടിയില്‍ വാകയില്‍ സന്തോഷിന്റെ അഞ്ചുമാസം ഗര്‍ഭമുള്ള പശുവിനെ കടുവ കൊലപ്പെടുത്തിയിരുന്നു. കാല്‍പാടുകള്‍ പരിശോധിച്ചാണ് നരഭോജി കടുവയാണ് കല്ലൂര്‍ക്കുന്നില്‍ പശുവിനെ കൊന്നതെന്നു  സ്ഥിരീകരിച്ചത്.

ഉത്തര മേഖല സിസിഎഫ് കെഎസ്ദീപയുടെ മേല്‍നോട്ടത്തില്‍ സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌ന കരീം, മൃഗസംരക്ഷണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ.അരുണ്‍ സക്കറിയ, ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ അജേഷ് മോഹന്‍ദാസ് തുടങ്ങിയവരാണ് ദൗത്യത്തിനു നേതൃത്വം നല്‍കിയത്.

Back to top button
error: