IndiaNEWS

ബലാത്സംഗക്കേസിൽ  ബിജെപി എംഎൽഎയെ 25 വർഷം കഠിന തടവിന് ശിക്ഷിച്ചു, നിയമസഭാ അംഗത്വം നഷ്ടമാകും

   പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ യുപിയിലെ ബിജെപി എംഎൽഎയെ 25 വർഷത്തെ കഠിന തടവിന് കോടതി ശിക്ഷിച്ചു. ദുദ്ദി നിയമസഭാ മണ്ഡലത്തിലെ എംഎൽഎ രാംദുലാർ ഗോണ്ടിനെയാണ് സോൻഭദ്ര ജില്ലയിലെ പ്രാദേശിക കോടതി ശിക്ഷിച്ചത്. 10 ലക്ഷം രൂപ പിഴയടക്കാനും അത് ഇരയ്ക്ക് കൈമാറാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

ഇന്‍ഡ്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ), 376 (ലൈംഗിക ആക്രമണം/ബലാത്സംഗം), ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള വകുപ്പുകൾ (പോസ്‌കോ) എന്നിവ പ്രകാരം ഡിസംബർ 12 ന് എംഎൽഎയെ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു.

Signature-ad

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രാംദുലാർ ഗോണ്ട് ബലാത്സംഗം ചെയ്തുവെന്നും പരാതി നൽകിയാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ച് ഇരയുടെ സഹോദരൻ 2014 നവംബർ 4നാണ് പരാതി നൽകിയത്. പൊലീസ് അന്വേഷണത്തിന് ശേഷം കുറ്റപത്രം സമർപ്പിച്ചു. 2023 ജനുവരിയിൽ, കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് അഡീഷണൽ സെഷൻസ് കോടതി എംഎൽഎയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

പട്ടികവർഗ (എസ്.ടി) സമുദായത്തിൽപ്പെട്ട ഗോണ്ട്, 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ദുദ്ദിയിൽ നിന്ന് വൻ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കുറഞ്ഞത് രണ്ട് വർഷം തടവിന് ശിക്ഷിക്കപ്പെട്ടാൽ നിലവിലെ എംപിയോ എംഎൽഎയോ അയോഗ്യനാകുമെന്ന് 2013-ൽ സുപ്രീം കോടതി വിധിച്ചതിനാൽ നിയമസഭാ സീറ്റ് നഷ്‌ടപ്പെടാനുള്ള സാധ്യതയും അദ്ദേഹം അഭിമുഖീകരിക്കുന്നുണ്ട്.

Back to top button
error: